റാന്നി : കുത്തനെയുള്ള കയറ്റവും മഴക്കാലത്തെ യാത്രാദുരിതവും മൂലം ബുദ്ധിമുട്ടുള്ള റേഷൻകട - മണ്ണാറത്തറ റോഡരികിൽ റാന്നി- അങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൈവരികൾ സ്ഥാപിച്ചു. വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച റോഡാണിത്. മഴക്കാലത്ത് പായൽ പിടിക്കുന്ന റോഡിൽ നിരവധി അപകടങ്ങളും നടന്നിട്ടുണ്ട്. 2വർഷം മുമ്പ് കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ട ഓട്ടോ റിക്ഷ ഇടിച്ച് വൃദ്ധ മരണമടഞ്ഞിരുന്നു. മണ്ണാറത്തറ നിവാസികൾ റേഷൻ കടയിലേക്ക് വരുന്നതിന് ഉപയോഗിച്ചിരിക്കുന്ന റോഡിൽ നിരവധി യാത്രക്കാർക്ക് കാൽതെറ്റി വീണ് പരിക്കുപറ്റിയിട്ടുണ്ട്. വലിയകാവ് വാർഡ് വികസന സമിതി നൽകിയ നിവേദനത്തെ തുടർന്നാണ് പഞ്ചായത്ത് ഒന്നര ലക്ഷം രൂപ മുടക്കി കൈവരികൾ സ്ഥാപിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിന്ദു റെജി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം പി.എസ്.സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് അംഗം സുജ ബിനോയി . വാർഡ് വികസന സമിതി അംഗങ്ങളായ രാജൻ മാത്യു , തമ്പി പാസ്റ്റർ, എൻ.സനോജ്, ജിജി , ഇ.ടി. കുഞ്ഞുമോൻ , ആഷിഷ് കുരുവിള, രാജൻ തൂളിമണ്ണിൽ എന്നിവർ സംസാരിച്ചു.