പത്തനംതിട്ട : സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലെ കലുങ്ക് നിർമ്മാണവുമായി ബന്ധപ്പെട്ട് തറ കോൺക്രീറ്റ് ചെയ്യാൻ തുടങ്ങി. ശേഷം സംരക്ഷണ ഭിത്തി ചെയ്തതിന് ശേഷം സ്ലാബ് വാർക്കുന്നതോടെ കലുങ്ക് പണി പൂർത്തിയാകും. സ്ലാബിട്ട് കഴിഞ്ഞ് 28 ദിവസം കഴിഞ്ഞ് മാത്രമേ അവ ഉണങ്ങി ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയു. 38 മീറ്ററോളം നീളമുണ്ട് കലുങ്കിന്. ഇതിൽ 14.5 മീറ്ററാണ് പുനർനിർമ്മാണം നടത്തുന്നത്. 12ന് ആണ് കലുങ്ക് പൊളിച്ച് പുതിയ കലുങ്ക് നിർമ്മാണം ആരംഭിക്കുന്നത്. പി.ഡബ്യൂ.ഡിയ്ക്കാണ് കലുങ്കിന്റെ നിർമ്മാണ ചുമതല. പഴയ കലുങ്ക് കാലപ്പഴക്കം മൂലം ബലക്ഷയം സംഭവിച്ചതിനാലാണ് പുതുക്കിപ്പണിയാൻ എസ്റ്റിമേറ്റ് സമർപ്പിച്ചത്. സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിൽ ഫ്രീലെഫ്റ്റ് ട്രാഫിക് സുഗമമാക്കാനും റോഡിന്റെ വീതി കൂടാനും ഈ കലുങ്ക് നിർമ്മാണം സഹായകമാകും. നിലവിലുള്ളതിനേക്കാൾ മൂന്ന് മീറ്റർ വീതി ഇതുമൂലം റോഡിന് ലഭിക്കും. മഴമൂലവും ശബരിമല തീർത്ഥാടനകാലത്തെ തിരക്ക് കാരണവും നിർമ്മാണം നീണ്ടു പോകുകയായിരുന്നു. 25ലക്ഷം രൂപ മുടക്കിയാണ് നിർമ്മാണം നടത്തുന്നത്. ഇതൊടൊപ്പം വാട്ടർ അതോറിട്ടിയുടെ ജോലിയും നടക്കാനുണ്ട്. കലുങ്കിന്റെ അവസാന ഭാഗത്ത് റിംഗ് റോഡ് വഴിയുള്ള പൈപ്പ് ലൈൻ പുനഃസ്ഥാപിക്കേണ്ട ജോലിയും പൂർത്തീകരിക്കാനുണ്ട്. കലുങ്ക് പൂർത്തിയാകാൻ എടുക്കുന്ന 28 ദിവസത്തിനുള്ളിൽ വാട്ടർ അതോറിട്ടിയും പൈപ്പുലൈൻ നിർമ്മാണം പൂർത്തിയാക്കിയാൽ ഇവ രണ്ടും ഒരു പോലെ തീരും. വാട്ടർ അതോറിട്ടി പണി വൈകിപ്പിച്ചാൽ ഗതാഗതം പുനസ്ഥാപിക്കാൻ വീണ്ടും കാലതാമസം വരും.
പുനർനിർമ്മാണം നടത്തുന്നത് 14.5 മീറ്റർ
നിർമ്മാണത്തിന് 25ലക്ഷം