പത്തനംതിട്ട : പത്തനംതിട്ട നഗരത്തിലെ ജലവിതരണം സുഗമമാക്കാൻ കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി നിർമ്മിച്ച പൈപ്പ് ലൈൻ പദ്ധതി ഭൂരിഭാഗവും പൂർത്തിയായി. എത്തിച്ച പൈപ്പുകളിൽ തൊണ്ണൂറ് ശതമാനവും പത്തനംതിട്ട നഗരത്തിൽ സ്ഥാപിച്ചു. നഗരസഭയുടെ 28 കിലോമീറ്റർ പരിധിയിൽ എല്ലായിടത്തും പൈപ്പ് ലൈൻ സ്ഥാപിച്ചുകഴിഞ്ഞു. നാല് മാസമാണ് പൈപ്പ് ലൈൻ സ്ഥാപിക്കാനുള്ള കാലാവധി. . മുപ്പത്തഞ്ച് വർഷത്തിലധികം പഴക്കമുള്ള ആസ്ബറ്റോസ് പൈപ്പ് വഴിയാണ് ഇപ്പോൾ ജലം വിതരണം .

കിഫ്ബി വഴിയുള്ള 11.18 കോടി രൂപയുടേതാണ് പദ്ധതി. പൈപ്പുകളുടെ കാലപ്പഴക്കം കാരണം പത്തനംതിട്ട നഗരസഭാ പ്രദേശത്തെ ജലവിതരണത്തിന് പലപ്പോഴും തടസം നേരിട്ടിരുന്നു. പഴയ പൈപ്പുകൾ മാറ്റി 500 എം.എം.ഡി.ഐ പൈപ്പ് മുതൽ 110 പി.വി.സി വരെ 28 കിലോമീറ്റർ ദൂരമുള്ള വിതരണ ശൃംഖലയാണ് സ്ഥാപിക്കുന്നത്. ഈ പദ്ധതി പൂർത്തിയാക്കുന്നതോടെ നഗരസഭാ പ്രദേശത്തെ കുടിവെള്ള പ്രശ്‌നങ്ങൾക്ക് പരിഹാരമാകും. കൂടുതൽ പൈപ്പുകൾ ഇനിയും വരാനുണ്ട്. അതുകൂടി എത്തുന്നതോടെ നഗരത്തിലെ കുടിവെള്ള വിതരണം സംബന്ധിച്ച പരാതി പരിഹരിക്കപ്പെടും.