കൊച്ചി: എസ്.എൻ.ഡി.പി യോഗം റാന്നി യൂണിയനിലെ ശാഖകളുമായി ബന്ധപ്പെട്ട മൈക്രോ ഫിനാൻസ് യൂണിറ്റുകളുടെ ബാങ്ക് വായ്പാ കുടിശ്ശിക തിരിച്ചു പിടിക്കാനുള്ള റവന്യൂ റിക്കവറി നടപടികൾ ഹൈക്കോടതി മൂന്നു മാസത്തേക്ക് തടഞ്ഞു. ചെറുകിട വ്യവസായ യൂണിറ്റുകൾ തുടങ്ങാൻ അനുവദിച്ച വായ്പയുടെ ഗഡുക്കൾ തിരിച്ചടയ്ക്കാൻ യൂണിയൻ ഭാരവാഹികളെ ഏൽപ്പിച്ചിരുന്നെന്നും അവർ പണമടയ്ക്കാൻ വീഴ്ച വരുത്തിയതാണ് റവന്യൂ റിക്കവറിക്ക് കാരണമായതെന്നും ചൂണ്ടിക്കാട്ടി വിവിധ ശാഖാ ഭാരവാഹികൾ നൽകിയ ഹർജിയിൽ ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്‌ണനാണ് നടപടി തടഞ്ഞ് ഉത്തരവിട്ടത്. ഹർജിക്കാർ ഉന്നയിക്കുന്ന വിഷയം ഗൗരവമുള്ളതാണെന്ന് അഭിപ്രായപ്പെട്ട സിംഗിൾബെഞ്ച് റവന്യൂ റിക്കവറിക്കെതിരെ സിവിൽ നടപടികൾ സ്വീകരിക്കാൻ സമയം നൽകാനായാണ് മൂന്നു മാസത്തേക്ക് നടപടികൾ തടഞ്ഞത്.

ബാങ്കിലേക്ക് അടയ്ക്കാൻ നൽകിയ തുക യൂണിയൻ ഭാരവാഹികൾ തിരിമറി നടത്തിയതിനെതിരെ പൊലീസിൽ പരാതി നൽകാനും സിംഗിൾബെഞ്ച് നിർദ്ദേശിച്ചു. ഇങ്ങനെ പരാതി ലഭിച്ചാൽ അടിയന്തര നടപടിയുണ്ടാകണം. ഈ കേസുകൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ഹർജിക്കാർക്ക് ഡി.ജി.പിയെ സമീപിക്കാം. ഇങ്ങനെ നിവേദനം ലഭിച്ചാൽ സംസ്ഥാന പൊലീസ് മേധാവി നിയമപരമായി നടപടി സ്വീകരിക്കണം.

യൂണിയൻ ഭാരവാഹികൾക്കെതിരായ പരാതിയിൽ അന്തിമ റിപ്പോർട്ട് നൽകിയിട്ടുണ്ടെങ്കിൽ വിചാരണ വേഗത്തിലാക്കണമെന്നും സിംഗിൾബെഞ്ച് നിർദ്ദേശിച്ചു. ഹർജിക്കാരുടെ ആരോപണങ്ങൾ ശരിയാണെങ്കിൽ യൂണിയൻ ഭാരവാഹികൾക്കെതിരെ സിവിൽ, ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.