പത്തനംതിട്ട: എച്ച്.എം.എസിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ജനതാ കൺസ്ട്രക്ഷൻസ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയനിൽ ഭിന്നതയില്ലെന്ന് സംസ്ഥാന പ്രസിഡന്റ് ആനി സ്വീറ്റി.
സംഘടനയുടെ ജനറൽ സെക്രട്ടറിയായിരുന്ന മനയത്ത് ചന്ദ്രനെയും ഓർഗനൈസിംഗ് സെക്രട്ടറിയായിരുന്ന ഒ.പി. ശങ്കരനെയും സംഘടനാ വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ കഴിഞ്ഞ ആറിനു ചേർന്ന സംസ്ഥാന കമ്മിറ്റി പുറത്താക്കിയതാണ്. നിയമവിരുദ്ധമായി യോഗം ചേർന്നതിന് വർക്കിംഗ് പ്രസിഡന്റ് കെ.കെ. കൃഷ്ണനെ സ്ഥാനത്തു നിന്ന് നീക്കിയതാണ്. ഗുരുതരമായ സാമ്പത്തിക ക്രമക്കേട് ഉൾപ്പെടെ ആരോപിക്കപ്പെട്ടതിനെ തുടർന്നാണ് ഭാരവാഹികൾക്കെതിരെ നടപടി വേണ്ടി വന്നത്. എച്ച്.എം.എസ് അഫിലിയേഷൻ ഫീസ് ഉൾപ്പെടെ എട്ടുവർഷമായി മുടങ്ങിക്കിടക്കുകയായിരുന്നു.
എൽ.ജെ.ഡിയുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയൻ ചുമതലയുള്ള ജനറൽ സെക്രട്ടറി കൂടിയാണ് താനെന്ന് ആനി സ്വീറ്റി പറഞ്ഞു. പാർട്ടിയുടെ പൂർണ പിന്തുണയോടെയാണ് യൂണിയൻ മുന്നോട്ടുപോകുന്നത്. .