തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ ധ്വജസ്തംഭത്തിനു മിന്നലേറ്റ സംഭവത്തിൽ ദേവഹിതം അറിയാനായി നടന്നുവരുന്ന അഷ്ടമംഗല ദേവപ്രശ്നം നാലുദിവസം പിന്നിട്ടു. ഇന്നലത്തെ പ്രശ്നചിന്തയിൽ ചക്രലേഖനത്തിൽ ദക്ഷിണരേഖാപ്രാരംഭം അപ്രദക്ഷിണമാകയാൽ ഭാവിയിലും ആപത്തുകൾക്ക് സൂചന കാണുന്നു. ആഭ്യന്തരമായി പൂജാവിഷയങ്ങളിലും ഇവിടത്തെ പാരമ്പര്യസ്വഭാവം വിസ്മരിക്കപ്പെടുന്ന ലക്ഷണമുണ്ട്. പഞ്ചമഹാസൂത്ര നിരൂപണത്തിൽ ജീവസൂത്രത്തിന്റെ അഭാവവും മൃതിസൂത്രത്തിന്റെ വർദ്ധനയും അത്യന്തം ദോഷകരമായിക്കാണുന്നു. അഷ്ടമപതിയുടെ മൃതിസൂത്രവും അഷ്ടമഭാവത്തിലെ ഗുളികസ്ഥിതിയും അഷ്ടമാധിപന്റെ പാപയോഗവും പ്രധാന സുദർശമൂർത്തിയുടെ ശ്രീബലിബിംബത്തിന്റെ ക്ഷതവും പരിചാരകരിൽ ഭാവിയിൽ സംഭവിക്കാവുന്ന ആപത്തുകളും സുകൃതകർമങ്ങളുടെ അഭാവവും ഗൗരവമായി ചർച്ച ചെയ്യപ്പെട്ടു. ഉത്സവകാലങ്ങളിൽ നടത്തേണ്ട നിത്യവിശേഷകർമ്മാദികളുടെ സമയലോപം ഗൗരവദോഷമായി. ഉത്രശ്രീബലിയിൽ സമയത്തിന്റെ വ്യത്യാസം ഭാവിയിൽ പരിഹരിക്കണം. ക്ഷേത്രം അഡ്ഹോക് കമ്മിറ്റി, ഏകാദശീസംഘം, ശ്രീവല്ലഭേശ്വര അന്നദാനസമിതി എന്നിവരുടെ തൃപ്തികരമായ പ്രവർത്തനങ്ങൾ ക്ഷേത്രാഭിവൃദ്ധിക്ക് കാരണമാകുമെന്നും പ്രശ്നചിന്തയിൽ പറയുന്നു. ഇന്ന് രാവിലെ 9.30 മുതൽ ദേവപ്രശ്നം തുടരും. ദൈവജ്ഞരായ മുല്ലപ്പള്ളി നാരായണൻ നമ്പൂതിരി,ഡോ.തൃക്കുന്നപ്പുഴ ഉദയകുമാർ,ദേവിദാസ് ഇടയ്ക്കാട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അഷ്ടമംഗല്യദേവപ്രശ്നം. ക്ഷേത്രംതന്ത്രി അക്കീരമൻ കാളിദാസൻ ഭട്ടതിരി,അഗ്നിശർമൻ നാരായണൻ വാസുദേവൻ ഭട്ടതിരി എന്നിവരും സന്നിഹിതരായി. ഇന്ന് രാവിലെ 9.30ന് അഷ്ടമംഗല്യദേവപ്രശ്നം തുടരും.ദേവസ്വം അസി.കമ്മീഷണർ കെ.ആർ.ശ്രീലത,സബ്ഗ്രൂപ്പ് ഓഫീസർ കെ.ആർ.ഹരിഹരൻ,അഡ്ഹോക് കമ്മിറ്റി കൺവീനർ ആർ.പി.ശ്രീകുമാർ,ജോ.കൺവീനർ വി.ശ്രീകുമാർ കൊങ്ങരേട്ട്, അംഗങ്ങളായ ഗണേശ് എസ്.പിള്ള,മോഹനകുമാർ,കെ.എ.സന്തോഷ് കുമാർ, പി.എം.നന്ദകുമാർ,രാജശേഖരൻ നായർ,രാജീവ് രഘു,വികസന സമിതിയംഗം കെ.രാധാകൃഷ്ണൻ,എ.കെ.സദാനന്ദൻ, ക്ഷേത്രജീവനക്കാരായ എസ്.ശാന്ത്,ആർ.ശ്രീകുമാർ എന്നിവർ നേതൃത്വം വഹിച്ചു.