പന്തളം: യുദ്ധം പൊട്ടിപ്പുറപ്പെട്ട യുക്രൈനിൽ കുടുങ്ങിയ മകളുടെ മടങ്ങിവരവിനായി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് കേരള ജനപക്ഷം (സെക്യുലർ ) പത്തനംതിട്ട ജില്ലാ പ്രസിഡന്റ് തുമ്പമൺ വടക്കേക്കര വടക്കേ മുറിയിൽ ഇ.ഒ. ജോണും ഭാര്യ തുമ്പമൺ നോർത്ത് ഗവ. ഹൈസ്‌കൂൾ അദ്ധ്യാപികയായ ജീജയും.
ഇവരുടെ മകൾ ജിന്നി റെയ്ച്ചൽ ജോൺ (19) സാപൊരി സിസിയ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനിയാണ്. യുദ്ധം തുടങ്ങുന്നതിനു മുമ്പ് മുന്നറിയിപ്പു കിട്ടിയപ്പോൾത്തന്നെ നാട്ടിലേക്കു തിരിക്കാൻ തയ്യാറായെങ്കിലും കഴിഞ്ഞ ദിവസമാണ് വിസ നടപടികൾ പൂർത്തിയായത്. അതുകൊണ്ട് എംബസിയുടെ മുന്നറിയിപ്പിനെ തുടർന്നു മടങ്ങാൻ കഴിഞ്ഞില്ല. ഇന്നലെ ജിന്നിയും രണ്ടു സഹപാഠികളും ദുബായിലേക്കു പോകാനായി കീവ് വിമാനത്താവളത്തിലെത്തി. സാപ്രോസ്ഷിയായിൽ നിന്ന് ഏകദേശം 600 കി. മി.ദൂരമുണ്ട് കിവ് ഇന്റർ നാഷണൽ എയർപോർട്ടിലേക്ക്. പത്തു മണിക്കൂറിൽ കൂടുതൽ യാത്ര ചെയ്താണ് ഇവർ ഇവിടെ എത്തിയത്.
എന്നാൽ വിമാന സർവീസുകൾ നിറുത്തിവച്ചതിനാൽ അവിടെ കുടുങ്ങിയിരിക്കുകയാണ്.
വിമാനത്താവളത്തിനു മുന്നിലുള്ള ഒരു ഹോട്ടലിലാണ് ഇവരുൾപ്പെടെ 25ഓളം പേരുള്ളത്. തൊട്ടടുത്ത് ഷെല്ലുകൾ വീഴുന്ന ശബ്ദം കേൾക്കുന്നുണ്ടെന്ന് കുട്ടികൾ നേരത്തെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ പറഞ്ഞിരുന്നു. യുദ്ധം രൂക്ഷമാകുന്നതിനാൽ ബങ്കറുകളിലേക്കു മാറാൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് അറിയിപ്പു ലഭിച്ചതായും മകൾ അറിയിച്ചതായി ജോൺ പറഞ്ഞു.
വൈകിട്ട് 4 മണിക്കുശേഷം മകളുമായി ഫോണിൽ സംസാരിക്കാൻ കഴിയുന്നില്ല.
കഴിഞ്ഞ നവംബറിലാണ് ജിന്നി ഇവിടെ പഠനത്തിനായി ചേർന്നത്.