കോന്നി :പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കോന്നി - പുനലൂർ റീച്ചിന്റെ പണികൾ പുരോഗമിക്കുന്നു..കോന്നി മുതൽ പുനലൂർ വരെയുള്ള ഭാഗങ്ങളിലെ പണികൾ വൈകിയാണ് തുടങ്ങിയതെങ്കിലും വേഗം പൂർത്തീകരിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. കോന്നി മുതൽ പുനലൂർ വരെയുള്ള 29.84 കിലോമീറ്റർ റോഡ് വികസനത്തിന് 226.61 കോടി രൂപയാണ് അടങ്കൽ. പത്തനംതിട്ട,കൊല്ലം ജില്ലകളിലൂടെ കടന്നുപോകുന്ന റീച്ചിൽ 16.84 കിലോമീറ്റർ പത്തനംതിട്ട ജില്ലയിലും, 13 കിലോമീറ്റർ കൊല്ലം ജില്ലയിലുമാണ്. കോന്നി, മാരൂർ, വകയാർ, കൂടൽ, കല്ലുംകടവ്, മുക്കടവ് എന്നിവിടങ്ങളിൽ പുതിയ പാലങ്ങൾ വരും. 99 കലുങ്കുകളാണ് നിർമ്മിക്കുന്നത്. 14000 മീറ്റർ ദൂരത്തിൽ ക്രാഷ് ബാരിയർ നിർമ്മിക്കും. റോഡിലെ കലുങ്കുകൾ, ഓടകൾ എന്നിവയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. 8 സ്ഥലങ്ങളിൽ റോഡ് വെട്ടിത്താഴ്ത്തിയാണ് നിർമ്മാണം നടക്കുന്നത്. സംസ്ഥാനത്ത് പ്രൊക്യൂർമെന്റ് കൺസ്ട്രക്ഷൻ രീതിയിൽ നിർമ്മിക്കുന്ന ആദ്യ റോഡാണിത്. 14 മീറ്റർ വീതിയിലാണ് റോഡ് വികസിപ്പിക്കുന്നത്.10 മീറ്ററിൽ ടാറിംഗ് നടത്തും. ഇരുവശത്തും രണ്ട് മീറ്റർ വീതിയിൽ നടപ്പാത നിർമ്മിക്കും. കോന്നി നിയോജക മണ്ഡലത്തിന്റെ പരിധിയിൽ 16.2 കിലോമീറ്റർ ദൂരത്തിൽ ഡ്രെയിനേജ് നിർമ്മിക്കും. അഞ്ച് കിലോമീറ്റർ ദൂരത്തിൽ ഫൂഡ്പാത്ത് കം ഡ്രെയിനേജും ഉണ്ടാകും. 1.46 കിലോമീറ്റർ വി.ഡ്രെയിനും നിർമ്മിക്കും. 11 ജംഗ്ഷനുകൾ വികസിപ്പിക്കും. എല്ലാ ബസ് സ്റ്റോപ്പുകളും ബസ്‌ബേകളാക്കും. വഴിവിളക്കും ട്രാഫിക് ലൈറ്റുകളും സ്ഥാപിക്കും.. റോഡിലെ മറ്റ് രണ്ട് റീച്ചുകളുടെയും പണികൾ തുടങ്ങി ഒന്നര വർഷത്തിന് ശേഷമാണ് കോന്നി പുനലൂർ റീച്ചിന്റെ പണികൾ കരാർ ഉറപ്പിച്ചത്. മഴ പെയ്താൽ വെള്ളം കയറുന്ന വകയാർ ഭാഗത്ത് 1.20 മീറ്റർ റോഡ് ഉയർത്തുന്നുണ്ട്. കോന്നി മുതൽ പുനലൂർ വരെയുള്ള ഭാഗങ്ങളിൽ എല്ലായിടത്തും ഒരുപോലെ പണികൾ നടക്കുകയാണ്.