surendran
വാകതടിയിൽ നിർമ്മിച്ച കോന്നി സുരേന്ദ്രന്റെ ശിൽപ്പം

കോന്നി : കുങ്കിയാന പരിശീലനത്തിനായി കോന്നിയുടെ സ്വന്തം കൊമ്പൻ സുരേന്ദ്രൻ നാടുവിട്ടുപോയങ്കിലും ആ തലയെടുപ്പും കരിവീരന്റെ അഴകും ഇന്നും മലയോരനാട്ടിലുണ്ട്.

കൊമ്പന്റെ ഒറ്റത്തടിയിൽ നിർമ്മിച്ച ശിൽപ്പം വീട്ടിൽ സൂക്ഷിച്ച് ആനക്കമ്പത്തിന് അടിവരയിടുകയാണ് കോന്നി മുഞ്ഞനാട്ട് ഹരിപ്രസാദ്.

1999ൽ റാന്നി വനംഡിവിഷനിലെ രാജാമ്പാറ വനത്തിൽ നിന്നാണ് സുരേന്ദ്രനെ ലഭിക്കുന്നത്. അന്ന് പിടിയാന ചരിഞ്ഞതായി ആദിവാസികൾ വനപാലകരെ അറിയിച്ചു. പിടിയാനയുടെ ജഡത്തിന് സമീപത്തുനിന്ന് പ്രസവിച്ചു ദിവസങ്ങൾ മാത്രം പ്രായമുള്ള കുട്ടിക്കൊമ്പനെ വനപാലകർക്ക് ലഭിച്ചു. തുടർന്ന് കോന്നി ആനത്താവളത്തിൽ അരുമയായി കുട്ടികൊമ്പൻ വളർന്നു. ആനപ്രേമികളുടെ സ്നേഹപരിലാളനകൾ ഏറ്റുവാങ്ങി സുരേന്ദ്രൻ 18 വർഷം കോന്നിയിലുണ്ടായിരുന്നു. 9 അടി ഉയരം, മനോഹരമായ കൊമ്പുകൾ, ആകർഷകമായ തുമ്പികൈയും ചെവികളും, നല്ല കറുത്ത നിറം എന്നിവ സുരേന്ദ്രനെ സുന്ദരനാക്കി.

എന്നാൽ പിന്നീട് വനംവകുപ്പ് കുങ്കിയാന പരിശീലനത്തിനായി സുരേന്ദ്രനെ മുതുമലയിലേക്ക് കൊണ്ടുപോയി. സുരേന്ദ്രന്റെ ആഭാവത്തിൽ കൊമ്പനോടുള്ള സ്നേഹം ശിൽപ്പരൂപമാക്കി വീട്ടിൽ സൂക്ഷിക്കുകയായിരുന്നു പ്രവാസി മലയാളിയും ആനക്കമ്പക്കാരനുമായ മുഞ്ഞനാട്ട് ഹരിപ്രസാദ്. ശിൽപ്പി പെരുമ്പാവൂർ സ്വദേശി സൂരജ് നമ്പ്യാട്ടിന്റെ കരവിരുതിൽ വാകത്തടിയിലാണ് സുരേന്ദ്രന്റെ ശിൽപ്പമൊരുക്കിയത്.

ആനക്കമ്പംമൂത്ത് ഹരിപ്രസാദ് സംസ്ഥാനത്തെ ആന ശില്പികളിൽ പ്രമുഖനായ സൂരജ് നബ്യാട്ടിനെ തേടി പെരുമ്പാവൂരിലെത്തുകയായിരുന്നു. ആദ്യം സൂരജ് ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും ഒടുവിൽ ഹരിപ്രസാദിന്റെ ആവശ്യത്തിന് മുൻപിൽ സമ്മതംമൂളി. തുടർന്ന് കോന്നിയിലെത്തിയ സൂരജ് കൊമ്പന്റെ വിവിവിധതരത്തിലുള്ള ചിത്രങ്ങളും അളവുകളുമെടുത്തു മിനിയേച്ചർ തയ്യാറാക്കി. ഒരുവർഷത്തെ പരിശ്രമത്തിനൊടുവിൽ 2019ൽ 50, 000 രൂപ ചെലവഴിച്ചു ശിൽപ്പം പൂർത്തിയാക്കി. കോന്നി ആനത്താവളത്തിലെ താപ്പാനകളായിരുന്ന കൊച്ചയപ്പന്റെയും പത്മനാഭന്റെയും ശിൽപ്പങ്ങൾ നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് ആനപ്രേമിയായ ഹരിപ്രസാദ്.