agricultural-drones

പത്തനംതിട്ട : പാടശേഖരങ്ങളിലെ വളപ്രയോഗത്തിനും ഡ്രോണിന്റെ സഹായം തേടുകയാണ് കർഷകർ. ഡ്രോൺ ഉപയോഗിച്ച് നെൽകൃഷിയിൽ വളപ്രയോഗം നടത്താൻ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഇന്ന് പെരിങ്ങര പഞ്ചായത്തിലെ പാടശേഖരത്ത് ട്രയൽ നടക്കും. കഴിഞ്ഞവർഷം പന്തളം തെക്കേക്കര പഞ്ചായത്തിലെ പാടത്ത് ഡ്രോൺ ഉപയോഗിച്ച് വളമിട്ടിരുന്നു. അത് വിജയമായതോടെയാണ് കുട്ടനാടൻ പാടത്തും ഡ്രോണിനെ ഉപയോഗിക്കാൻ കൃഷി വിജ്ഞാന കേന്ദ്രം തീരുമാനിക്കുന്നത്. കേരള കാർഷിക സർവകലാശാല പുറത്തിറക്കിയ കെ.എ.യു സമ്പൂർണാ മൾട്ടിമിക്‌സ് എന്ന പോഷകമിശ്രിതമാണ് ഉപയോഗിക്കുന്നത്. സൂഷ്മ മൂലകങ്ങൾ അടങ്ങിയ വളമാണിത്. ഇലയിൽ കൂടി നൽകുന്ന വളമാണിത്. എറണാകുളത്ത് നിന്നുള്ള ഒരു സ്റ്റാർട്ടപ്പ് ആണ് ജില്ലയിൽ ഡ്രോൺ ഉപയോഗിച്ച് വളം ഇടാനായി എത്തുന്നത്. കേരള കാർഷിക സർവകലാശാലയുടെ പരിശീലനം പൂർത്തിയാക്കിയവരാണ് ഇവർ.

സമയം ലാഭം

ഒരു തൊഴിലാളി ഒരു ഏക്കറിൽ വളം ഇടാൻ മണിക്കൂറുകൾ എടുക്കും. എന്നാൽ ഡ്രോൺ ഉപയോഗിച്ച് ചെയ്യുമ്പോൾ അഞ്ച് മിനിറ്റ് കൊണ്ട് വളപ്രയോഗം നടത്താം. കൃത്യമായി എല്ലാ ഇലകളിലും വീഴുകയും ചെയ്യും. ഒരു തൊഴിലാളിക്ക് ഏക്കറിന് 1000 രൂപയാണ് കൂലി. ഡ്രോണിന് എഴുന്നൂറ് രൂപയും. വളം മാത്രം തളിക്കുന്നതിനായി 28,000 രൂപയാണ് ഡ്രോണിനായി ചെലവാകുന്നത്. തൊഴിലാളി അഞ്ചുദിവസം കൊണ്ടുചെയ്യുന്ന ജോലി ഡ്രോൺ ഉപയോഗിച്ച് ഒറ്റദിവസം കൊണ്ട് തീരും. ഒരേ നിരപ്പിന് ഇട്ടുപോകുന്നതിനാൽ ഇലകളിൽ കൃത്യമായി വളം വീഴുകയും ചെയ്യും. സുരക്ഷിതമായും ആയാസരഹിതമായും വളപ്രയോഗം നടത്താൻ ഇതിലൂടെ കഴിയും. ഇതോടൊപ്പം തൊഴിൽദിനങ്ങളും സമയവും ലാഭിക്കുവാൻ കഴിയും.

"ഡ്രോൺ ഉപയോഗിച്ചുള്ള കൃഷി രീതി പ്രോത്സാഹിപ്പിക്കാൻ ഫണ്ട് അനുവദിക്കുമെന്ന് കേന്ദ്ര ബഡ്ജറ്റിൽ നിർദേശം വന്നിരുന്നു. ജില്ലയിലെ ഭൂരിഭാഗം പാടശേഖരങ്ങളിലും വരും വർഷങ്ങളിൽ ഡ്രോൺ ഉപയോഗിച്ചുള്ള വളപ്രയോഗം നടക്കും. ഇത്തവണയും കർഷകരോട് ചോദിച്ചിരുന്നു. പക്ഷെ പ്രളയമടക്കമുള്ള കാരണങ്ങളാൽ വലിയ നഷ്ടം നേരിട്ടതിനാൽ കാർഷിക വിജ്ഞാനകേന്ദ്രം ഫണ്ട് മുടക്കിയാലും കുറച്ച് കർഷകർ മുടക്കേണ്ടി വരും. അത് കൊണ്ട് പലരും മുമ്പോട്ട് വന്നിട്ടില്ല. "

കൃഷി വിജ്ഞാന കേന്ദ്രം അധികൃതർ