കോന്നി : ഗവ. മെഡിക്കൽ കോളേജിലെ ഓക്സിജൻ നിർമ്മാണ പ്ലാന്റ് ഇന്ന് വൈകിട്ട് 4.30 ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. കെ യു ജനീഷ് കുമാർ എം എൽ എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ,കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി , മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. റംല ബീവി, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.മിന്നി മേരി മാമ്മൻ, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. സി.വി. രാജേന്ദ്രൻ എന്നിവർ പങ്കെടുക്കും. മെഡിക്കൽ കോളേജ് ആശുപത്രിയിലെ 240 കിടക്കകളിൽ പ്ലാന്റിൽ നിന്ന് നേരിട്ട് ഓക്സിജനെത്തും. ഒരു മിനിറ്റിൽ 1500 ലിറ്റർ ഉല്പാദന ശേഷിയുള്ള ഓക്സിജൻ പ്ലാന്റാണിത് . 2021 മേയ് മാസത്തിലാണ് 1.60 കോടി രൂപ ചെലവഴിച്ച് പ്ലാന്റ് നിർമ്മിക്കാൻ അനുമതി ലഭിച്ചത്. പി.എസ്.എ ടെക്നോളജി ഉപയോഗിച്ചാണ് പ്രവർത്തനം.പ്ളാന്റ് നിർമ്മാണം പൂർത്തീകരിച്ചതോടെ മെഡിക്കൽ കോളേജിന് ഓക്സിജൻ സ്വയം പര്യാപ്തത കൈവരിക്കാൻ കഴിയും. ഓക്സിജൻ സൗകര്യമുള്ള 240 കിടക്കകളും, 30 ഐ.സി.യു കിടക്കകളും ഉൾപ്പടെ 270 കിടക്കകളാണുള്ളത്.കേരളാ മെഡിക്കൽ സർവീസസ് കോർപ്പറേഷനാണ് ഓക്സിജൻ പ്ലാന്റ് സജ്ജമാക്കുന്നതിന്റെ ചുമതല നിർവഹിച്ചത്. ജില്ലാ നിർമ്മിതി കേന്ദ്രമാണ് നിർമ്മാണം നടത്തിയത്. ഓക്സിജന്റെ ഗുണനിലവാര പരിശോധന പൂർത്തിയാക്കി ലൈസൻസ് ലഭ്യമാക്കിയിട്ടുണ്ട്.
നിർമ്മാണ ചെലവ്- 1.60 കോടി
ഉല്പാദന ശേഷി- 1500 ലിറ്റർ