
പ്രമാടം : സംസ്ഥാനപാത വികസനത്തിന്റെ ഭാഗമായി റോഡിലെ പൈപ്പ് ലൈൻ മുറിച്ചതിനെ തുടർന്ന് പ്രമാടം, കോന്നി, അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളം മുടങ്ങിയിട്ട് മാസങ്ങളായി. ശുദ്ധജല വിതരണ പൈപ്പ് ലൈനുകൾ പുന:സ്ഥാപിക്കാൻ വൈകുന്നതിനാൽ പ്രമാടം ഗ്രാമപഞ്ചായത്തിലെ വകയാറിലും കോന്നി ,അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളിൽപ്പെടുന്ന കോന്നി, മ്ളാന്തടം, എലിയറക്കൽ, മുതുപേഴുങ്കൽ പ്രദേശങ്ങളിലുമാണ് കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്നത്. സംസ്ഥാന പാതയിലെ പുനലൂർ - കോന്നി റീച്ചിന്റെ നിർമ്മാണ ആവശ്യങ്ങൾക്കായാണ് കെ.എസ്.ടി.പി ജല അതോറിറ്റിയുടെ പൈപ്പ് ലൈനുകൾ മുറിച്ചിട്ടിരിക്കുന്നത്. ഇതേതുടർന്ന് രണ്ട് മാസത്തിലേറെയായി ഈ പ്രദേശങ്ങളിൽ കുടിവെള്ളം വിതരണം മുടങ്ങിയിട്ട്.
വേനൽ കനത്തതോടെ പൈപ്പ് വെള്ളത്തെ ആശ്രയിക്കുന്നവർ ഏറെ ബുദ്ധിമുട്ടിലാണ്. കോന്നി അരുവാപ്പുലം ശുദ്ധജല വിതരണ പദ്ധതിയിൽ നിന്നുമാണ് ഈ പ്രദേശങ്ങളിലേക്ക് വെള്ളം പമ്പ് ചെയ്യുന്നത്. കോന്നി പഞ്ചായത്തിലെ എട്ട് വാർഡുകളിലും അരുവാപ്പുലം പഞ്ചായത്തിലെ നാല് വാർഡുകളിലേക്കും പ്രമാടം പഞ്ചായത്തിലെ വകയാറിലേക്കും ഇതുമൂലം വെള്ളം പമ്പ് ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. കുടിവെള്ളം വാട്ടർ ടാങ്കുകളിൽ എത്തിക്കാനും പഞ്ചായത്ത് സംവിധാനം ഒരുക്കിയിട്ടില്ല. കുടിവെള്ളക്ഷാമം അതിരൂക്ഷമായി മാറുന്ന സാഹചര്യത്തിൽ പൈപ്പ് ലൈനുകൾ പുന:സ്ഥാപിച്ച് ശുദ്ധജല വിതരണം കാര്യക്ഷമമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.