തിരുവല്ല: നഗരസഭയിലെ തിരുവാറ്റ പാലം യാത്രക്കാർക്ക് ഭീഷണിയായി. മതിൽഭാഗം - പാലിയേക്കര റോഡിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള തിരുവാറ്റ പാലത്തിന്റെ ഇരുഭാഗത്തെയും കൈവരികൾ തകർന്നിട്ട് ഏറെക്കാലമായി. ശ്രീവല്ലഭ ക്ഷേത്രം, വെൺപാല, കദളിമംഗലം, തുകലശേരി എന്നിവിടങ്ങളിലേക്ക് പോകാവുന്ന വഴിയാണിത്. നിരവധി വാഹനങ്ങൾ ഇതുവഴി പോകാറുണ്ട്. നഗരസഭയിലെ 25, 33 വാർഡുകളെ ബന്ധിപ്പിക്കുന്ന പാലമാണിത്. പാലം നിർമ്മിച്ചകാലത്ത് സ്ഥാപിച്ച കൈവരികൾ പിന്നീടൊരിക്കലും നവീകരിച്ചിട്ടില്ല. കോൺക്രീറ്റ് ചെയ്ത കൈവരികളുടെ കമ്പികൾ തുരുമ്പിച്ച് അടർന്നുവീണ നിലയിലാണ്. യാത്രക്കാർ തോട്ടിൽ വീഴാതിരിക്കാൻ കൈവരി ഇടിഞ്ഞുവീണ ഭാഗത്ത് മുളകൾ കൊണ്ട് വേലിയുണ്ടാക്കിയിരിക്കുകയാണ് ഇപ്പോൾ. പാലത്തിന് റോഡിന്റെ പകുതിപോലും വീതിയില്ല. കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രമേ കടന്നുപോകാനാകൂ. ഇതുകാരണം രാത്രികാലങ്ങളിൽ വാഹനങ്ങൾ തോട്ടിൽ വീഴാനുള്ള സാദ്ധ്യത ഏറെയാണ്. ചെറിയ വാഹനങ്ങൾ പോലും ഭീതിയോടെയാണ് കടന്നുപോകുന്നത്. പാലം പൊളിച്ചുപണിയണമെന്ന് ആവശ്യപ്പെട്ട് വർഷങ്ങളായി വാർഡ് കൗൺസിലർമാർ നഗരസഭയിൽ ആവശ്യം ഉന്നയിക്കാറുണ്ട്. എന്നാൽ ഫണ്ടിന്റെ അപര്യാപ്തത ചൂണ്ടിക്കാട്ടി പാലത്തിന്റെ പുനരുദ്ധാരണം നീണ്ടുപോവുകയാണ്. അപകടഭീതിയുള്ള പാലം പൊളിച്ചുനീക്കി വീതികൂടിയ പുതിയ പാലം നിർമ്മിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.