1
പാറകൂട്ടം മലമുകൾ അംഗൻ വാഡി

പെരിങ്ങനാട് : പാറകൂട്ടം അങ്കണവാടിയിലെ കാര്യങ്ങൾ പരമ ദയനീയമാണ്. പ്രാഥമീക കാര്യം പോലുംനിർവഹിക്കാൻ പോലും പറ്റാത്ത സ്ഥിതിയാണ്. കുട്ടികളോടൊപ്പം രണ്ടു ജീവനക്കാരും ഈ ദുരിതം അനുഭവിച്ചു പോകുന്നു. അധികൃതരുടെ അനാസ്ഥയാണ് ഈ അങ്കണവാടിക്ക് ഈ ദുർവിധി വരാൻ കാരണമെന്ന് പറയാതിരിക്കാൻ വയ്യ. പള്ളിക്കൽ പഞ്ചായത്തിലെ 16ാം വാർഡിലെ മലമുകൾ 100-ാം അങ്കണവാടിക്കാണ് ഈ ദുർവിധി. ജില്ലാ പഞ്ചായത്ത് ഫണ്ടിൽ 16 ലക്ഷം രൂപ ചിലവഴിച്ച് മനോഹരമായ അങ്കണവാടി പണിതു നൽകി. ഗംഭീരമായ രീതിയിൽ ഉദ്ഘാടനവും നടത്തിയിട്ട് രണ്ട് വർഷം കഴിയുന്നു. അന്നത്തെ മന്ത്രി കെ.രാജുവായിരുന്നു ഉദ്ഘാടകൻ. കെട്ടിടത്തോട് ചേർന്നുതന്നെ ബാത്ത്റൂം പണിത് ടൈലൊട്ടിച്ച് മനോഹരമാക്കിയിട്ടുണ്ട്. കെട്ടിടത്തിന്റെ എസ്റ്റിമേറ്റിൽ ബാത്ത്റൂം ഉണ്ട് .പക്ഷേ ക്ലോസറ്റ് ഫിറ്റ് ചെയ്തിട്ടില്ല. കരാറുകാരൻ അതു കൂടി ചെയ്തിരുന്നെങ്കിൽ ഈ കുഞ്ഞുങ്ങൾക്ക് വലിയ ആശ്വാസമായേനെ. ജനപ്രതിനിധികൾക്കും വ്യക്തമായ ഉത്തരമില്ലതാനും.

കിണറില്ല , പൈപ്പു കണക്ഷനില്ല

ആകെ മൂന്ന് സെന്റ് സ്ഥലത്ത് നിറഞ്ഞ് നിൽക്കുകയാണ് കെട്ടിടം. മുൻവശം റോഡാണ്. ഇവിടെ 16 കുഞ്ഞുങ്ങളുമായി രണ്ട് ജീവനക്കാർ കഴിഞ്ഞു കൂടുന്നതിന്റെ ബുദ്ധിമുട്ട് അവർക്കേ അറിയൂ. വയറിംഗ് ചെയ്തെങ്കിലും ഫാനിട്ടിട്ടില്ല. വിശാലമായ ഹാളാണ്. ഈ കൊടും ചൂടിൽ കുഞ്ഞുങ്ങൾ വെന്തുരുകുകയാണ്. കിണറില്ല , പൈപ്പ് കണക്ഷനില്ല. അടുത്തുള്ള വാട്ടർ അതോറിറ്റിയുടെ പൈപ്പുലൈനിൽ ആഴ്ചയിൽ ഒരിക്കലാണ് വെള്ളം എത്തുന്നത്. അടുത്ത വീടുകളിൽ നിന്നാണ് വെള്ളം കൊണ്ടു വരുന്നത്.

..................

നിലവിലുള്ള പോരായ്മകൾക്ക് പരിഹാരം കാണാൻ ജില്ലാ പഞ്ചായത്ത് രണ്ടര ലക്ഷം രൂപ കൂടി അനുവദിച്ചിരുന്നു. ഇത് ടെൻഡർ നടപടികളും പൂർത്തീകരിച്ചിരുന്നു.

ടി.മുരുകേശ് ‌

മുൻ ജില്ലാ പഞ്ചായത്തംഗം

...................

മുൻ എസ്റ്റിമേറ്റും, ഇപ്പോൾ അഡീഷണലായി ഫണ്ടനുവദിച്ചതിന്റെ എസ്റ്റിമേറ്റും പരിശോധിച്ച് ആവശ്യമായ നടപടി കൈകൊള്ളും.

ശ്രീനാ ദേവി കുഞ്ഞമ്മ

ജില്ലാ പഞ്ചായത്തംഗം

.............................

ടോയ്ലെറ്റിന് ക്ലോസറ്റില്ലെന്ന് പരാതി

-അങ്കൻവാടിയിൽ 16 കുട്ടികൾ

-2 ജീവനക്കാ‌ർ