poliyo

പത്തനംതിട്ട : പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാമിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നടക്കും. നാളെ രാവിലെ 8ന് മന്ത്രി വീണാ ജോർജ് പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ അദ്ധ്യക്ഷതവഹിക്കും. ആന്റോ ആന്റണി എം.പി, ജില്ലാ കളക്ടർ ഡോ.ദിവ്യ. എസ്. അയ്യർ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. വി.ആർ.രാജു, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
കൊവിഡ് സാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കി കൊവിഡ് മാർഗ നിർദേശങ്ങൾ കർശനമായി പാലിച്ചായിരിക്കും പോളിയോ തുള്ളി മരുന്ന് വിതരണം ചെയ്യുക. കേരളത്തിലെ അഞ്ചു വയസുവരെയുള്ള 24,36,298 കുട്ടികൾക്ക് ഈ ദിനത്തിൽ പ്രത്യേകം സജ്ജീകരിച്ച ബൂത്തുകൾ വഴി പോളിയോ തുള്ളിമരുന്ന് നൽകുവാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി 24,614 ബൂത്തുകൾ പ്രവർത്തിക്കും.
ജില്ലയിൽ അഞ്ച് വയസ് വരെയുള്ള 65,444 കുട്ടികൾക്കാണ് വാക്‌സിൻ നൽകുന്നത്. ഇതിനായി മൊബൈൽ ബൂത്തുകളും, ട്രാൻസിറ്റ് ബൂത്തുകളും ഉൾപ്പെടെ 998 പോളിയോ വിതരണ ബൂത്തുകൾ ക്രമീകരിച്ചിട്ടുണ്ട്. രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചുവരെയാണ് ബൂത്തുകളുടെ പ്രവർത്തന സമയം.