ചെങ്ങന്നൂർ: ആദിപമ്പ, വരട്ടാർ പുനരുജ്ജീവന പ്രവർത്തനങ്ങൾ ആശങ്കകളും ദുരൂഹതകളും നിറഞ്ഞതാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. പറഞ്ഞു. വരട്ടാർ പുനരുജ്ജീവന പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥലം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മണൽ അശാസ്ത്രീയമായി നീക്കംചെയ്യുന്നതുകൊണ്ടുണ്ടാകുന്ന ഭവിഷ്യത്തുകളിൽ പ്രാദേശവാസികളടക്കമുള്ളവർക്ക് വലിയ ആശങ്കയുണ്ട്. യഥാർത്ഥ ഉടമസ്ഥരായ ചെങ്ങന്നൂർ നഗരസഭയെ ഒഴിവാക്കി സർക്കാർ നേരിട്ട് മണൽ ലേലം ചെയ്യുന്ന നടപടിക്രമങ്ങൾ ദുരൂഹതകൾ നിറഞ്ഞതാണ്. നീക്കം ചെയ്യുന്ന മണലിന്റെ കണക്കുകളും കൊണ്ടുപോകുന്ന വാഹനങ്ങൾ മണൽ എവിടെ എത്തിക്കുന്നു എന്നത് സംബന്ധിച്ചും വ്യക്തതയില്ല. സർക്കാർ സംവിധാനം ഒഴിവാക്കി ബാഹ്യശക്തികളുടെ ഇടപെടലുകൾ ഉണ്ടെന്ന് വ്യക്തമാണ്. ഉദ്യോഗസ്ഥരെ മാറ്റിനിറുത്തി ഭരണ കക്ഷിയിൽപ്പെട്ടവർ വിഷയത്തിൽ കൈകടത്തുന്നതായും ആരോപണമുണ്ട്. ഇത് ഗുരുതരമായ അഴിമതിക്ക് ഇടവരുത്തും. മണൽ ലേലം ചെയ്യന്നതുമായി ബന്ധപ്പെട്ട കണക്കുകൾ സോഷ്യൽ ഓഡിറ്റിന് വിധേയമാക്കണം. പുനരുജ്ജീവന പ്രവർത്തനങ്ങൾ സുതാര്യമാക്കാൻ ശാസ്ത്രീയമായും സമീപവാസികളുടെ അഭിപ്രായം മാനിച്ചും വേണം മണൽ നീക്കം ചെയ്യേണ്ടത്. ഇതിനായി ജനപ്രതിനിധികൾ, വകുപ്പുതല ഉദ്യോഗസ്ഥർ, രാഷ്ടീയ കക്ഷി പ്രതിനിധികൾ, തദ്ദേശവാസികൾ എന്നിവരടങ്ങുന്ന സർവ്വകക്ഷിയോഗം വിളിച്ചു ചേർക്കാൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സമീപവാസികൾ എന്നിവരുമായി അദ്ദേഹം ചർച്ച നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ജോർജ് തോമസ്, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുജാജോൺ, മണ്ഡലം പ്രസിഡന്റുമാരായ ശശി എസ് പിള്ള, ആർ ബിജു, മുൻ മണ്ഡലം പ്രസിഡന്റ് വി.എൻ.രാധാകൃഷ്ണപണിക്കർ, കൗൺസിലർമാരായ മനീഷ് കീഴാമഠത്തിൽ, മിനി സജൻ, അർച്ചന കെ ഗോപി, കെ.ഷിബുരാജൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുബിൻ പുത്തൻകാവ്, കെ.ആർ.മുരളീധരൻ നായർ, ബി.റ്റി.വർഗീസ്, ഗീത തട്ടായത്തിൽ, ആദർശ് കെ വർഗീസ്, മനുരാഗ്, വി.കെ.രാധാകൃഷ്ണൻ, നാരായണപിള്ള, വാസുദേവൻനായർ, ജേക്കബ് കോശി, ബിന്ദു ശശികുമാർ, കെ.ജി.രാധാകൃഷ്ണൻ നായർ, കെ.ജി.ശ്രീകുമാർ എന്നിവരും എംപിയോടൊപ്പം ഉണ്ടായിരുന്നു.