ചെങ്ങന്നൂർ: ചെറിയനാട് പഞ്ചായത്ത് 15-ാം വാർഡിൽ കല്ലൂർ തോട് കൈയേറി നിർമ്മാണം നടത്തുന്നതായി പരാതി. കുന്നിനേത്തു പടിയിൽ കടവറ റോഡിന് സമീപമാണ് നിർമ്മാണം. നീരൊഴുക്ക് നിലയ്ക്കുന്ന രീതിയിലെ നിർമ്മാണ പ്രവർത്തനം മേഖലയിൽ വെള്ളപ്പൊക്ക ഭീഷണിയുണ്ടാക്കുമെന്ന് പരാതിയിൽ പറയുന്നു. വെള്ളപ്പൊക്കമടക്കമുള്ള ദുരിതങ്ങളിൽ നിന്ന് പ്രദേശത്തെ സംരക്ഷിക്കുന്നതിൽ നിർണായക ഘടകമാണ് കല്ലൂർ തോട്. നിലവിൽ കല്ലുകെട്ടി നീരൊഴുക്ക് തടസപ്പെട്ട അവസ്ഥയിലാണ്. നാട്ടുകാർ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. കൃഷി ആവശ്യത്തിനടക്കം ഈ തോടിനെയാണ് ആശ്രയിക്കുന്നത്. വില്ലേജ് ഓഫീസർക്കാണ് പരാതി നൽകിയത്.