
പത്തനംതിട്ട : സ്ത്രീകൾ തൊഴിലിടങ്ങളിൽ നേരിടുന്ന പ്രശ്നങ്ങൾക്ക് പരാതി നൽകാൻ ഇന്റേണൽ, പ്രാദേശിക പരാതി കമ്മിറ്റികൾ രൂപീകരിക്കും. വനിതാശിശുവികസന വകുപ്പിന്റെ നിയന്ത്രണത്തിലാണ് കമ്മിറ്റികളുടെ രൂപീകരണം നടക്കുന്നത്. തൊഴിലിടങ്ങളിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും അവർ നേരിടുന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് പരാതി നൽകാനും പത്തിലധികം ജീവനക്കാർ ജോലിചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും ഇന്റേണൽ പരാതി കമ്മിറ്റി രൂപീകരിക്കണം. ജില്ലയിൽ കമ്മിറ്റി രൂപീകരിക്കാൻ ഇതുവരെ 370 സ്ഥാപനങ്ങൾക്ക് വനിതാശിശുവികസന വകുപ്പ് നോട്ടീസ് നൽകി.
തൊഴിലുടമകൾ രേഖമൂലമുള്ള ഉത്തരവുപ്രകാരം ഇന്റേണൽ കമ്മിറ്റി രൂപീകരിക്കണം. സീനിയർ തലത്തിൽ ജോലിചെയ്യുന്ന ജീവനക്കാരിൽ വനിതകൾ ലഭ്യമല്ലെങ്കിൽ തൊഴിലുടമയുടെ മറ്റു സ്ഥാപനങ്ങളിലെ വനിതയെ ചെയർപേഴ്സണാക്കി കമ്മിറ്റി രൂപീകരിക്കണം.
ഇതിൽ സാമൂഹ്യ, നിയമപരിജ്ഞാനമുള്ള രണ്ടിൽ കുറയാതെ അംഗങ്ങളുണ്ടാകണം. സർക്കാരിതര സംഘടനയിലോ മുമ്പ് സ്ത്രീവിഷയങ്ങൾ കൈകാര്യം ചെയ്തവരോ ആയ ഒരാൾ ഉണ്ടാകണം.
ജില്ലാ ഓഫീസർമാർ ജില്ലാ അടിസ്ഥാനത്തിൽ രൂപീകരിക്കുന്ന കമ്മിറ്റിയാണ് പ്രാദേശിക കമ്മിറ്റികൾ. പ്രാദേശിക തലത്തിൽ സാമൂഹിക മേഖലയിൽ നിന്നുള്ളയാളാകും ചെയർപേഴ്സൺ.
ബ്ലോക്ക്, താലൂക്ക്, വാർഡ്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ നിന്ന് നാമനിർദേശം ചെയ്യുന്ന അംഗം, സ്ത്രീകളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന രണ്ട് സർക്കാർ ഇതര അംഗം എന്നിവർ ഉണ്ടാകണം. ഇതിൽ ഒരാൾ പട്ടികജാതിയോ ന്യൂനപക്ഷ സമുദായത്തിലോപ്പെട്ടതോ ആയിരിക്കണം. ജില്ലയിലെ സാമൂഹികക്ഷേമം, സ്ത്രീകളുടേയും കുട്ടികളുടേയും വികസനം എന്നിവയിൽ ബന്ധപ്പെട്ട ഓഫീസർ എന്നിവരാകണം കമ്മിറ്റിയിൽ ഉണ്ടാവേണ്ടത്.
പിഴ 50000 രൂപ വരെ
ഇന്റേണൽ കമ്മിറ്റി രൂപീകരിക്കാൻ വിസമ്മതം കാണിച്ചാൽ.
പരാതി കമ്മിറ്റിയുടെ ശുപാർശക്കനുസൃതമായി പ്രവർത്തിക്കുന്നതിൽ പരാജയപ്പെട്ടാൽ.
ആവശ്യപ്പെട്ട വാർഷിക റിപ്പോർട്ട് ജില്ലാ ഓഫീസർക്ക് സമർപ്പിക്കാതിരുന്നാൽ.
കമ്മിറ്റിക്കെതിരെ പ്രവർത്തിക്കുകയോ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുകയോ ചെയ്താൽ.
ജില്ലയിൽ ആദ്യഘട്ടത്തിൽ കമ്മിറ്റി രൂപീകരിക്കുന്ന
സ്ഥാപനങ്ങളുടെ എണ്ണം : 370
പ്രായമോ പദവിയോ വ്യത്യാസമില്ലാതെ സ്ഥിര ജോലി, താൽക്കാലിക ജോലി, കരാർ തൊഴിലാളി എന്നിങ്ങനെ എല്ലാവിഭാഗത്തിലുമുള്ള സ്ത്രീകൾക്കും പരാതി നൽകാം.
തൊഴിലിടങ്ങളിലെ പരാതി നൽകേണ്ടത് ഇന്റേണൽ കമ്മിറ്റിയിലാണ്.
പത്തിൽ താഴെ ജീവനക്കാർ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ, തൊഴിലുടമയ്ക്കെതിരെയുള്ള പരാതി എന്നിവ പ്രാദേശിക കമ്മിറ്റികളിലാണ് അറിയിക്കേണ്ടത്.