ചെങ്ങന്നൂർ: ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിൽ ആലപ്പാട്ട് അരയന്മാർ ആണ്ടുതോറും നടത്തിവരുന്ന പ്രസിദ്ധമായ പരിശംവെയ്പ് ചടങ്ങ് മാർച്ച് 1ന് നടക്കും. ആലപ്പാട്ട് അരയ പ്രമാണിമാർ ശിവരാത്രി ദിവസമാണ് ചടങ്ങ് നടത്തുന്നത്. 1817-ാം വർഷത്തെ പരിശം വയ്പ്പാണ് ഇത്തവണ നടക്കുന്നത്. അഴീക്കൽ പൂക്കോട് കരയോഗത്തിനും വ്യാസവിലാസം കരയോഗത്തിനുമാണ് ഇത്തവണത്തെ പരിശം വയ്ക്കാൻ അവകാശം. രാവിലെ ആറിന് അഴീക്കൽ പൂക്കോട്ട് ദേവീക്ഷേത്രത്തിൽ നിന്ന് പരിശംവെയ്പ്പ് ഘോഷയാത്ര ആരംഭിക്കും. വലിയഴീക്കൽ പാലം ജംഗ്ഷൻ, കണ്ണാടിശേരിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, അഴീക്കൽ സുബ്രഹ്മണ്യസ്വാമിക്ഷേത്രം, ശ്രായിക്കാട് പശ്ചിമേശ്വരം ക്ഷേത്രം, അന്നപൂർണേശ്വരി ക്ഷേത്രം, മാതാ അമൃതാനന്ദമയീ മഠം,പറയകടവ് പൊന്നാഭഗവതിക്ഷേത്രം തുടങ്ങി തുറകളിലെ വിവിധ കരയോഗ ക്ഷേത്രങ്ങളിലെ ദർശനത്തിനുശേഷം ഓച്ചിറ പരബ്രഹ്മ ക്ഷേത്രമുൾപ്പടെ 29 ക്ഷേത്രങ്ങളിലെ സ്വീകരണത്തിനു ശേഷം ഘോഷയാത്ര വൈകിട്ട് ആറിന് ചെങ്ങന്നൂർ മഹാദേവക്ഷേത്രകിഴക്കേനടയിൽ എത്തി ച്ചേരും.തുടർന്ന് ദേവസ്വം അധികാരികളും ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളും ചേർന്ന് സ്വീകരിക്കും. വൈകിട്ട് ഏഴിന്‌ നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. അഴീക്കൽ പൂക്കോട് കരയോഗം പ്രസിഡന്റ് ജെ.വിശ്വംഭരൻ അദ്ധ്യക്ഷത വഹിക്കും. സി.ആർ മഹേഷ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് യു.ഉല്ലാസ്, ധീവരസഭ കൊല്ലം ജില്ലാകമ്മിറ്റി സെക്രട്ടറി ബി.പ്രിയകുമാർ, ദേവസ്വം ബോ‌‌ർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വി.ജി ജയപ്രകാശ് ചെങ്ങന്നൂ‌ർ, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് എസ്.വി പ്രസാദ് എന്നിവർ പ്രസംഗിക്കും. വ്യാസവിലാസം കരയോഗം പ്രസിഡന്റ് കെ.ബാബുരാജ് സ്വാഗതവും പൂക്കോട് കരയോഗം സെക്രട്ടറി പി. ജയരാജ് കൃതജ്ഞതയും പറയും. രാത്രി 9.30ന് ഭക്തിഗാന സുധ. പുലർച്ചെ 1മുതൽ പരിശംവെയ്പ് ചടങ്ങുകൾ ആരംഭിക്കും. പരമശിവനും പാർവതി ദേവിയും രണ്ട് ആനപ്പുറത്ത് ഏറീ എഴുന്നെളളി ആറ് പ്രദക്ഷണത്തിനുശേഷം ഏഴാമത്തെ പ്രദക്ഷിണത്തിന് കിഴക്കേ ആനക്കൊട്ടിലിൽ എത്തും. തെക്കേ കളത്തടിയിൽ പരശവുമായി ഇരിക്കുന്ന അരയന്മാർക്ക് ദർശനം കൊടുക്കുകയും നിറപറ സ്വീകരിക്കുകയും ചെയ്യും. തുട‌ർന്ന് ദേവസ്വം അധികാരികൾ അലപ്പാട്ട് അരയനെ ആചാരപ്രകാരം സ്വീകരിച്ചാനയിക്കും. അരയൻ ദേവീദേവന്മാരുടെ മുൻപിൽ മെത്തപ്പായിൽ വിരിച്ച ഇലമേൽ വെളളിക്കുടത്തിൽ പരിശംവെയ്ക്കുമെന്ന് പത്രസമ്മേളനത്തിൽ പൂക്കോട് കരയോഗം പ്രസിഡന്റ് ജെ.വിശ്വംഭരൻ, ശ്രായിക്കാട് അരയജന കരയോഗം പ്രസിഡന്റ് രഞ്ജിത്ത് കുമാർ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. വ്യാസവിലാസം കരയോഗം സെക്രട്ടറി സുനിൽ ചന്ദ്രൻ, എസ്.എസ്.വി കരയോഗം സെക്രട്ടറി അനിൽ കുമാർ, സേവാസംഘം പ്രസിഡന്റ് സുധേഷ് അമ്പാടി,എസ്.എസ്.വി കരയോഗം പ്രസിഡന്റ് വിഭു, അരയവംശ പരിപാലനയോഗം പ്രസിഡന്റ് ലാലു, ചെങ്ങന്നൂർ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എസ്.വി പ്രസാദ്, സെക്രട്ടറി വിനോദ് കുമാർ, ജനറൽ കൺവീനർ ഷൈജു എന്നിവർ പങ്കെടുത്തു.