തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ ധ്വജസ്തംഭത്തിനു മിന്നലേറ്റ സംഭവത്തിൽ ദേവഹിതമറിയാനായി നടന്ന അഷ്ടമംഗല്യദേവപ്രശ്നം പര്യവസാനിച്ചു. കൊടിമരം ഇപ്പോഴുള്ള സ്ഥാനത്തുതന്നെ പുനർനിർമ്മിക്കണമെന്നും കോൺക്രീറ്റ് ഒഴിവാക്കി മരംകൊണ്ട് കൊടിമരം നിർമ്മിക്കണം.ഇപ്പോഴുള്ള ലോഹം ശുദ്ധിചെയ്ത് സ്വീകരിക്കാം. ദുർവാസാവിനാൽ പ്രതിഷ്ഠിക്കപ്പെട്ട പീഠം ഉപേക്ഷിച്ചതിന്റെ ദോഷമുള്ളതിനാൽ ഇന്നുള്ള പീഠത്തിന്റെ ഉപാധികളോടുകൂടി നൂതനമായി നിർമ്മിച്ചു പ്രതിഷ്ഠിക്കുകയും അകത്തുള്ള താഴ്ച മാറ്റുകയും ചെയ്യാൻ തന്ത്രിയും സ്ഥപതിയുമായി ആലോചിച്ച് തീരുമാനിക്കണം. ഉത്സവാദിക്രമങ്ങളും പൂജാവിധാനങ്ങളും നവീകരണത്തോടുകൂടി പുനഃക്രമപ്പെടുത്തി നിജപ്പെടുത്തണം.ഉത്രശ്രീബലി അകത്തു കയറുന്നതിന് കാലവിളംബം കാണുകയാൽ, ദീപാരാധനയ്ക്കുമുൻപ് അകത്തു പ്രവേശിക്കണം. ബലിക്കൽപുര പുനർനിർമ്മിക്കണം. മണ്ഡപത്തിന്റെ ന്യൂനത പരിഹരിക്കണം. ശാന്തിശുദ്ധി പാലിക്കുന്നവർ മാത്രമേ മണ്ഡപത്തിൽ പ്രവേശിക്കാൻ പാടുള്ളൂ.വേദവ്യാസനെയും ദുർവാസാവിനെയും സങ്കല്പിച്ചുതെളിക്കുന്ന വിളക്കുകളിൽ ഒന്നു നഷ്ടപ്പെട്ടത് വീണ്ടെടുക്കുകയോ പുനഃസ്ഥാപിക്കുകയോ ചെയ്യണം. ഉപാലയങ്ങളുടെ ജീർണത അടിയന്തരമായി പരിഹരിക്കണം. അഷ്ടമംഗല്യ ദേവപ്രശ്നത്തെത്തുടർന്ന് ദീപാരാധനയ്ക്കുശേഷം ക്ഷേത്രനടയിൽ കൂട്ടപ്രാർഥന നടത്തി. ദേവസ്വം ദൈവജ്ഞരായ മുല്ലപ്പള്ളി നാരായണൻ നമ്പൂതിരി,ഡോ.തൃക്കുന്നപ്പുഴ ഉദയകുമാർ, ദേവിദാസ് ഇടയ്ക്കാട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ദേവപ്രശ്നം. എം.കെ.കൃഷ്ണദാസ് പണിക്കർ കോഴിക്കോട്,സജീവ് കടൂക്കര,സുനിൽ കവിയൂർ എന്നീ ജ്യോതിഷികൾ സഹായികളായി.ക്ഷേത്രംതന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരി,അഗ്നിശർമൻ നാരായണൻ ഭട്ടതിരി,ക്ഷേത്രം മേൽശാന്തിമാർ എന്നിവരും സന്നിഹിതരായി.ദേവസ്വം അസി.കമ്മീഷണർ കെ.ആർ.ശ്രീലത,സബ്ഗ്രൂപ്പ് ഓഫീസർ കെ.ആർ.ഹരിഹരൻ,അഡ്ഹോക് കമ്മിറ്റി കൺവീനർ ആർ.പി.ശ്രീകുമാർ ശ്രീപദ്മം,ജോ.കൺവീനർ വി.ശ്രീകുമാർ കൊങ്ങരേട്ട്,അംഗങ്ങളായ ഗണേശ് എസ്.പിള്ള,മോഹനകുമാർ,കെ.എ.സന്തോഷ്കുമാർ,പി.എം.നന്ദകുമാർ,രാജശേഖരൻ നായർ,രാജീവ് രഘു,വികസന സമിതിയംഗം കെ.രാധാകൃഷ്ണൻ,എ.കെ.സദാനന്ദൻ, ശ്രീവല്ലഭേശ്വര അന്നദാനസമിതി വൈസ് പ്രസിഡൻ്റ് രാജമ്മ രാഘവൻനായർ, ജോ.സെക്രട്ടറി ആർ.സുകുമാരൻ,രാജൻ പി.പിള്ള,പദ്മനാഭൻ നായർ, രാജശേഖരൻനായർ, ഏകാദശിസംഘം പ്രസിഡൻ്റ് ഉഷാ നായർ,സെക്രട്ടറി ശ്യാമളകുമാരി,ട്രഷറർ എം.തങ്കമണിയമ്മ,ക്ഷേത്രജീവനക്കാരായ എസ്.ശാന്ത്,ആർ.ശ്രീകുമാർ എന്നിവർ നേതൃത്വം വഹിച്ചു.