അടൂർ : നഗരഭയുടെ വരുന്ന കാൽനൂറ്റാണ്ട് കാലത്തെ സമഗ്രവികസനം മുന്നിൽ കണ്ടുകൊണ്ടുള്ള വിശദമായ മാസ്റ്റർ പ്ളാൻ തയാറാക്കുന്നു. വരും കാലവികസനത്തിന് ആവശ്യമായ കേന്ദ്രാവിഷ്കൃത ഫണ്ടുകൾ ലഭ്യമാകണമെങ്കിൽ മുൻകൂട്ടിയുള്ള മാസ്റ്റർ പ്ളാൻ വേണം. ഇത് മുന്നിൽ കണ്ടാണ് ഗവ. ഏജൻസിയായ ജില്ലാ ടൗൺപ്ളാനർ വിശദമായ മാസ്റ്റർ പ്ളാൻ തയാറാക്കുക. 2014 ൽ മാസ്റ്റർ പ്ളാൻ തയാറാക്കി കരട് രൂപം ഉണ്ടാക്കിയെങ്കിലും തുടർശ്രമങ്ങൾ ഇല്ലാത്തതിനാൽ അത്പൊടിപിടിച്ചു. ഇതിനിടെ നഗരത്തിൽ സമഗ്രമായ ഒട്ടേറെ വികസന പ്രവർത്തനങ്ങളുമുണ്ടായി. ഇനിയുമുണ്ടാകേണ്ട വികസന പ്രവർത്തനങ്ങൾക്കാകും പുതിയ മാസ്റ്റർ പ്ളാനിൽ ഇടംപിടിക്കുക. ഇതിനെ തുടർന്നാണ് നിലവിലെ കൗൺസിൽ പുതിയ മാസ്റ്റർ പ്ളാൻ തയാറാക്കുന്നതിനായി മുൻകൈ എടുത്തത്. കഴിഞ്ഞ ദിവസം നഗരഭയുടെ പ്രത്യേക കൗൺസിൽയോഗം വിളിച്ചുചേർത്തു. യോഗത്തിൽ ജില്ലാ ടൗൺ പ്ളാനർ അരുൺ, അസി. ടൗൺ പ്ളാനർ മുഹമ്മദ് സിദ്ദിക് എന്നിവർ വിശദീകരണം നൽകുകയും നിർദ്ദേശങ്ങൾ മുന്നോട്ട് വെയ്ക്കുകയും ചെയ്തു. തുടർന്ന് ഒാരോ വാർഡിലും നടപ്പാക്കേണ്ട സമഗ്രവികസനം സംബന്ധിച്ച് ഇനി വാർഡ് കൗൺസിലർമാർ വിശദമായ റിപ്പോർട്ട് നൽകണം. ഇത് കൗൺസിൽയോഗം ചർച്ച ചെയ്തശേഷം സെമിനാർ സംഘടിപ്പിച്ച് ചർച്ച നടത്തുകയും അഭിപ്രായങ്ങൾ സ്വരൂപിച്ച് കരട് രൂപം ഉണ്ടാക്കി അത് പ്രസിദ്ധീകരിക്കും. ഇതിന്മേലുള്ള ആക്ഷേപങ്ങൾ സ്വീകരിച്ച് വിശദമായ വാദം കേട്ടശേഷം അന്തിമരൂപം നൽകി പ്രസിദ്ധീകരിക്കും. വരും വർഷങ്ങളിൽ ഇൗ മാസ്റ്റർ പ്ളാനിൽ ഉൗന്നിനിന്നുകൊണ്ടുള്ള പ്രവർത്തനങ്ങൾക്കാകും ബഡ്ജറ്റിലും മുൻതൂക്കമുണ്ടാവുക. കഴിഞ്ഞ ദിവസം ചേർന്ന പ്രത്യേക കൗൺസിൽ യോഗത്തിൽ കാർഷികം, വ്യാവസായികം ഉൾപ്പെടെ എല്ലാ മേഖലകൾക്കും ഉൗന്നൽ നൽകുന്ന മാസ്റ്റർ പ്ളാനിനാകണം രൂപം നൽകുക എന്ന് ബന്ധപ്പെട്ടവർ വിശദീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാകണം വാർഡ് കൗൺസിലർമാർ കരട് തയാറാക്കേണ്ടതെന്നും ക്ളാസ് എടുത്തവർ നിർദ്ദേശം നൽകി.

നഗരസഭയുടെ സമഗ്രവികസനത്തിന് ഉതകുന്നതാകും പുതിയ മാസ്റ്റർപ്ളാൻ. പൊതുജനങ്ങൾ ഉൾപ്പെടെയുള്ളവരുടെ അഭിപ്രായങ്ങൾ സ്വരൂപീകരിച്ച ശേഷമാകും അന്തിമരൂപം നൽകുന്നത്. ഏപ്രിൽ - മേയ് മാസങ്ങളിലായി വിശദമായ മാസ്റ്റർ പ്ളാനിന് അന്തിമ രൂപം നൽകും.

ഡി. സജി,

ചെയർമാൻ, അടൂർ നഗരസഭ