drone
അപ്പർകുട്ടനാട്ടിലെ ചാത്തങ്കരിയിൽ ഡ്രോൺ ഉപയോഗിച്ച് വളപ്രയോഗം നടത്തുന്നു

തിരുവല്ല : അപ്പർകുട്ടനാട്ടിലെ കർഷകരെ വിസ്മയിപ്പിച്ച് നെൽകൃഷിക്ക് ഡ്രോൺ വളപ്രയോഗം നടത്തി. പെരിങ്ങര പഞ്ചായത്ത് 15 -ാം വാർഡ് ചാത്തങ്കരിയിലെ 40 ഏക്കർ പാടത്ത് അഞ്ച് മണിക്കൂർ കൊണ്ട് ഡ്രോൺ വളപ്രയോഗം പൂർത്തിയാക്കിയത് കർഷകർക്ക് പുതിയ അനുഭവമായി. പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും പെരിങ്ങര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും സംയുക്ത നേതൃത്വത്തിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ഇന്നലെ രാവിലെ ഡ്രോൺ ഉപയോഗിച്ചത്. മണ്ണിന്റെ സൂക്ഷ്മ മൂലകങ്ങളുടെ അപര്യാപ്തത നികത്തുന്നതിന് കേരള കാർഷിക സർവ്വകലാശാലയുടെ സമ്പൂർണ മൾട്ടിമിക്‌സ് എന്ന പോഷകമിശ്രിതമാണ് പാടശേഖരത്തിൽ ഡ്രോൺ ഉപയോഗിച്ച് പ്രയോഗിച്ചത്‌. ഒരേക്കറിൽ എട്ട് മിനിറ്റുകൊണ്ട് വളപ്രയോഗം നടത്താമെന്ന് അധികൃതർ പറഞ്ഞു. ഡ്രോൺ വളപ്രയോഗം നടത്തുന്നത് കണ്ടുനിന്ന ഒട്ടേറെ കർഷകർ പലവിധ സംശയങ്ങൾ കൃഷി വിജ്ഞാന കേന്ദ്രം അധികൃതരുമായി ചർച്ചചെയ്തു. ഉപയോഗിക്കുന്ന വളത്തിന്റെ അളവ്, മിശ്രണം, കൈകാര്യ ചെലവ് തുടങ്ങി പലവിധ സംശയങ്ങൾ കർഷകർ ചോദിച്ചറിഞ്ഞു. എത്ര ഉയരത്തിലും താഴ്ചയിലും വരെ ഡ്രോൺ ഉപയോഗിച്ച് വളപ്രയോഗം നടത്താമെന്നും താഴ്ന്നു പറന്നാൽ നെൽച്ചെടികൾ വീണ് പോകുമോ തുടങ്ങിയ സംശയങ്ങളും കർഷകർ പങ്കിട്ടു. വളമിടുന്ന തൊഴിലാളികളുടെ പണി പോകുമെന്ന ആശങ്കയും ചിലർ പങ്കുവച്ചു. പഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ് ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശാന്തമ്മ ആർ. നായർ, മെമ്പർമാരായ സുഭദ്രാ രാജൻ, എബ്രഹാം തോമസ്, എം.സി.ഷൈജു, ബ്ലോക്ക് മെമ്പർമാരായ സോമൻ താമരച്ചാലിൽ, അരുന്ധതി അശോക്, മുൻ എം.എൽ.എ എലിസബത്ത് മാമ്മൻ മത്തായി, കൃഷി വിജ്ഞാനകേന്ദ്രം ശാസ്ത്രജ്ഞർമാരായ ഡോ. റോബർട്ട്, ഡോ. സിന്ധു, ഡോ.വിനോദ്, കൃഷി അസി.ഡയറക്ടർ റെജി, കൃഷി ഓഫീസർ എസ്.എസ്.സുജിത്ത്, പ്രമോദ് ഇളമൺ, സാം ഈപ്പൻ, കെ.ജോർജ്ജ് എന്നിവർ പങ്കെടുത്തു.