കോന്നി: വേനൽ കടുത്തതോടെ മലയോരമേഖലയിൽ കാർഷികവിളകൾ നശിക്കുന്നു. കോന്നി, തണ്ണിത്തോട്, അരുവാപ്പുലം, കലഞ്ഞൂർ, മലയാലപ്പുഴ പഞ്ചായത്തുകളിൽ ഭൂരിഭാഗം കൃഷികളും വേനലിൽ കരിഞ്ഞുണങ്ങി. റബർതൈകളും ജാതിയും, കൂരുമുളകുകൊടികളും വാഴയുമാണ് ഭൂരിഭാഗവും കരിഞ്ഞുണങ്ങിയത്. കടുത്ത സാമ്പത്തികനഷ്ടമാണ് കർഷകർക്കുണ്ടാക്കിയത്. വേനലിനെ പ്രതിരോധിക്കാനായി ചുവട്ടിൽ ചപ്പുചവറുകൾ കൂട്ടിയിട്ടും വെള്ളം നനച്ച് സംരക്ഷിച്ചിട്ടും പിടിച്ചുനിൽക്കാനാകില്ലെന്നാണ് കർഷകർ പറയുന്നത്. ഏറ്റവുമധികം ജലം ആവശ്യമുള്ള വിളകളിലൊന്നാണ് ജാതി. 500 രൂപ മുതൽ1000 രൂപ വരെയാണ് മുന്തിയയിനം ജാതി തൈകൾക്ക് വില. റബർ വെട്ടിമാറ്റിയ തോട്ടങ്ങളിൽ ഇക്കുറി നിരവധി കർഷകരാണ് ജാതി, കുരുമുളക് കൃഷികൾ ആരംഭിച്ചത്.കുരുമുളകിന് മഞ്ഞളിപ്പ് രോഗവും വ്യാപകമാവുകയാണ്. വേനൽ കനത്തതോടെ പലരും വെള്ളം തളിച്ചും ചപ്പുചവറുകളിട്ട് ഈർപ്പം നിലനിറുത്തുകയുമായിരുന്നു. എന്നാൽ ചൂട് കൂടിയതോടെ മിക്കയിടത്തും ജാതി, കുരുമുളക് തൈകളുടെ ഇലകൾ പഴുത്ത് വാടിത്തുടങ്ങി. വിലത്തകർച്ച നിലനിൽക്കുമ്പോഴും റബർ വെട്ടിമാറ്റി പുതിയ തൈകൾ നട്ടവരും പ്രതിസന്ധിയിലായി. വെയിലിനെ പ്രതിരോധിക്കാനായി ഓല കൊണ്ട് മറ നിർമ്മിച്ചും വെള്ളപൂശുകയുമാണ് സാധാരണയായി വേനൽക്കാലത്ത് കർഷകർ ചെയ്യുന്നത്. എന്നാൽ ചൂട് കനത്തതോടെ പരിചരണം നൽകിയിട്ടും തൈകൾ നശിക്കുകയാണെന്നാണ് കർഷകർ പറയുന്നത്.
സ്ഥലം പാട്ടമെടുത്ത് കൃഷി ചെയ്തവരും പ്രതിസന്ധിയിൽ
തോട്ടങ്ങൾ പാട്ടമെടുത്ത് വാഴകൃഷി ആരംഭിച്ചവരും പ്രതിസന്ധിയിലായി. വാഴയുടെ വെള്ളം വറ്റി വ്യാപകമായി ഒടിഞ്ഞുവീഴുകയും ഉണങ്ങുകയും ചെയ്യുന്നു. കുടിവെള്ളം പോലും കിട്ടാക്കനിയായ സാഹചര്യത്തിൽ കൃഷിക്ക് എങ്ങനെ വെള്ളം നനയ്ക്കുമെന്നാണ് കർഷകർ ചോദിക്കുന്നത്. വേനൽ കടുത്തതോടെ വാഴകൾ പിണ്ടി ഒടിഞ്ഞു നശിക്കുന്നത് മൂലം വാഴകൃഷി നഷ്ടമാകുന്നു. ഇവയ്ക്ക് ജലസേചനം നടത്താൻ കർഷകർക്ക് കഴിയുന്നില്ല. വൻതോതിൽ വാഴകൃഷി നടത്തിയവർ നഷ്‌ടമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. പച്ചക്കറി ഉത്പാദനം ഗണ്യമായി കുറഞ്ഞു. ക്ഷീരമേഖലയും കടുത്ത പ്രതിസന്ധിയിലായി. പാൽ ഉൽപാദനം കുറഞ്ഞു. വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നതിലും ജലക്ഷാമം ദുരിതം വിതച്ചുകൊണ്ടിരിക്കുന്നു. പകൽ സമയത്ത് ജോലിചെയ്യാൻ കഴിയുന്നില്ല. മുമ്പ് ജലക്ഷാമം പരിഹരിക്കാൻ തോടുകളിൽ ഓലികൾ കുഴിക്കുമായിരുന്നെങ്കിൽ മാലിന്യങ്ങൾ മൂലം ഇനി ഈ പരിഹാരമാർഗം സ്വീകരിക്കാനാകില്ല. അച്ചൻകോവിൽ, കല്ലാർ നദികളിൽ വരൾച്ച പിടിമുറുക്കികഴിഞ്ഞു.