പ്രമാടം : പന്നിക്കണ്ടം- ഞക്കുകാവ് റോഡ് തകർന്നതോടെ യാത്രക്കാർ ദുരിതത്തിൽ. അഞ്ച് വർഷം മുമ്പ് റീ ടാറിംഗ് നടത്തിയപ്പോൾ ഞക്കുകാവ് ഭാഗത്തെ 200 മീറ്റർ ഒഴിവാക്കിയിരുന്നു. ഇവിടെ നിന്നും ആരംഭിച്ച തകർച്ച ഏതാണ്ട് പൂർണമായ നിലയിലാണ്. പ്രമാടം പഞ്ചായത്തിലെ ഏഴാം വാർഡിൽപ്പെടുന്ന റോഡാണിത്. ഒന്നര കിലോമീറ്റർ ദൂരമുള്ള റോഡിന് 8 മീറ്റർ വീതിയാണ് ഉള്ളതെങ്കിലും ഭൂരിഭാഗം സ്ഥലവും കാടുമൂടി കിടക്കുകയാണ്. കോന്നി- ചന്ദനപ്പള്ളി റോഡ് നിർമ്മാണം നടക്കുന്ന സാഹചര്യത്തിൽ നിരവധി ആളുകളാണ് ഇപ്പോൾ ഈ റോഡിനെ ആശ്രയിക്കുന്നത്. റോഡിന്റെ ഇരുവശങ്ങളും കാടുമൂടി കിടക്കുന്നതിനാൽ കാട്ടുപന്നികളുടെയും തെരുവുനായകളുടെയും ഇഴജന്തുക്കളുടെയും ശല്യവും ഇവിടെ രൂക്ഷമാണ്. ജനങ്ങൾക്കും വളർത്തു ജീവികൾക്കും നേരെയുള്ള ഇവയുടെ ആക്രമണവും തുടർക്കഥയാണ്. നിരവധി അപകടങ്ങളും ഈ റോഡിൽ നടക്കുന്നുണ്ട്. റോഡ് റീ ടാറിംഗ് നടത്തണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്.
അധികൃതരുടെ അനാസ്ഥ അവസാനിപ്പിച്ച് റോഡ് അടിയന്തരമായി റീ ടാറിംഗ് നടത്തണം. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് കാട് തെളിക്കണം
(നാട്ടുകാർ)
- ഒന്നരക്കിലോമീറ്റർ റോഡ്
-8 മീറ്റർ വീതി