
പത്തനംതിട്ട : ഏപ്രിൽ 27,28,29,30 തീയതികളിൽ പത്തനംതിട്ടയിൽ നടക്കുന്ന ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് ആദ്യ സംഭാവനയായി ലഭിച്ചത് മുൻ നേതാവിന്റെ വിവാഹമോതിരം. ഡി.വൈ.എഫ്.ഐയുടെ ജില്ലയിലെ ആദ്യ പ്രസിഡന്റ് എ.പത്മകുമാർ ആണ് ഇന്നലെ നടന്ന ജില്ലാതല സംഘാടകസമിതി രൂപീകരണ യോഗത്തിൽ വിവാഹമോതിരം സംഭാവനായി നൽകിയത്. മോതിരം ജില്ലാസെക്രട്ടറി പി.ബി.സതീഷ് കുമാർ ഏറ്റുവാങ്ങി.
പത്തനംതിട്ടയിൽ ആദ്യമായി സംസ്ഥാന സമ്മേളനം നടക്കുമ്പോൾ ഏറെ പ്രിയപ്പെട്ടത് എന്തെങ്കിലും സംഭാവനയായി നൽകണമെന്ന് ആഗ്രഹിച്ചിരുന്നു. ഭാര്യ മിനിയുമായി ആലോചിച്ച് തീരുമാനിച്ചപ്രകാരം ആണ് വിവാഹമോതിരം നൽകിയതെന്ന് പത്മകുമാർ പറഞ്ഞു.
മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റംഗവുമായ എ.പത്മകുമാർ 1985 സെപ്തംബർ 16നാണ് പ്രണയിച്ച് വിവാഹിതനായത്. ആറൻമുള സത്രത്തിലായിരുന്നു വിവാഹച്ചടങ്ങ്. അന്ന് സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന പി.രാമകൃഷ്ണൻ മിനിയുടെ കൈയിൽ മോതിരം നൽകിയിട്ട് ഇത് അവന്റെ കൈയിൽ ഇടാൻ പറഞ്ഞു. ആ മോതിരമാണ് ഇന്നലെ പത്മകുമാർ സംഭാവനയായി ഡി.വൈ.എഫ്.എെക്ക് നൽകിയത്.
1982 മുതൽ 1986 വരെ ജില്ലാ പ്രസിഡന്റ് ആയിരുന്നു ആറൻമുള കീച്ചംപറമ്പിൽ എ.പത്മകുമാർ. 1987 ആഗസ്റ്റ് 15 ലെ ദേശീയ ഐക്യത്തിനായുള്ള മനുഷ്യച്ചങ്ങലയായിരുന്നു മറക്കാനാവാത്ത സംഘാടനാനുഭവം. ശേഷം ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര എക്സിക്യൂട്ടീവ് അംഗവുമായി. കോന്നി മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലുമെത്തി. മക്കൾ : ജയശ്രീ, ജയശങ്കർ, ജയസൂര്യ.