കോന്നി: മാർച്ച് ആദ്യം കോന്നി ഗവ.മെഡിക്കൽ കോളജിൽ പീഡിയാട്രിക് ഐ.സി.യു സജ്ജമാകുമെന്ന്മന്ത്രി വീണാജോർജ് പറഞ്ഞു. കോന്നി ഗവ.മെഡിക്കൽ കോളജിലെ ഓക്‌സിജൻ നിർമ്മാണ പ്ലാന്റ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ദേശീയ മെഡിക്കൽ കമ്മീഷന്റെ റിപ്പോർട്ട് ഉടൻ ലഭിക്കും. 1500 ലിറ്റർ ഉത്പാദന ശേഷിയുള്ള ഓക്‌സിജൻ പ്ലാന്റാണ് ഇതിന്റെ ഭാഗമായി സ്ഥാപിച്ചിരിക്കുന്നത്. മെഡിക്കൽ കോളജ് ആശുപത്രിയിലെ 240 കിടക്കകളിൽ പ്ലാന്റിൽ നിന്ന് നേരിട്ട് ഓക്‌സിജൻ എത്തും. പി.എസ്.എ ടെക്‌നോളജി ഉപയോഗിച്ചാണ് പ്ലാന്റ് പ്രവർത്തിക്കുന്നത്. ഓക്‌സിജൻ പ്ലാന്റ് നിർമ്മാണം പൂർത്തീകരിച്ചതോടെ മെഡിക്കൽ കോളജിൽ ഓക്‌സിജൻ സ്വയം പര്യാപ്തത കൈവരിക്കാൻ കഴിയും. കേരളാ മെഡിക്കൽ സർവീസസ് കോർപ്പറേഷനാണ് ഓക്‌സിജൻ പ്ലാന്റ് സജ്ജമാക്കുന്നതിന്റെ ചുമതല നിർവഹിച്ചത്. ജില്ലാ നിർമ്മിതി കേന്ദ്രമാണ് നിർമ്മാണ പ്രവർത്തികൾ ഏറ്റെടുത്തത്. ഓക്‌സിജന്റെ ഗുണനിലവാര പരിശോധന പൂർത്തിയാക്കി ലൈസൻസ് ലഭ്യമാക്കിയിട്ടുണ്ട്. കെ.യു. ജനീഷ് കുമാർ എം.എൽ.എ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്,ആരോഗ്യ കേരളം പ്രോഗ്രാം മാനേജർ ഡോ.ശ്രീകുമാർ, മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ.സിസി ജോബ്, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ.സി.വി. രാജേന്ദ്രൻ,പഞ്ചായത്ത് അംഗങ്ങളായ ഷീബ, ജിഷ, ശ്രീകുമാർ,ജില്ലാ നിർമ്മിതി കേന്ദ്രം എക്‌സികുട്ടീവ് എൻജിനിയർ സനൽ, എച്. എൽ. എൽ.എൻജിനീയർ രോഹിത്, രഘുനാഥ് ഇടത്തിട്ട, ഹനീഫ, റഷീദ് മുളന്തറ, സണ്ണി ജോർജ് കൊട്ടാരത്തിൽ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.