 
പന്തളം: കനാൽ വെള്ളം തുറന്നു വിട്ടത് വീടുകളിലേക്ക് കയറി വീട്ടുകാരെ ദുരിതത്തിലാക്കി. പൂഴിക്കാട് തവളംകുളം ശരത് ഭവനിൽ ശശിധരക്കുപ്പ്, സുജിത്ഭവനിൽ പങ്കജാക്ഷക്കുറുപ്പ്, മറ്റത്തു വടക്കേതിൽ ശോഭനകുമാരി തുടങ്ങിയവരുൾപ്പെടെ പ്രദേശത്തെ നിരവധി പേരുടെ വീടുകളിലാണ് വെള്ളം കയറിയത്. വെള്ളിയാഴ്ച രാത്രിയിലാണ് കനാൽ തുറന്നു വിട്ടത്. കനാലിന്റെ ഒരു വശം താഴ്ന്ന പ്രദേശമാണ്. ഈ ഭാഗങ്ങളിലാണ് വീടുകളിൽ വെള്ളം കയറിയത്. കിണർ, കക്കൂസ് ഉൾപ്പെടെ വെള്ളത്തിൽ മുങ്ങി. കഴിഞ്ഞ രണ്ടു വർഷമായി വെള്ളം തുറന്നു വിടുമ്പോൾ ഇതാണ് ഈ പ്രദേശത്തെ അവസ്ഥയെന്നാണ് നാട്ടുകാരുടെ പരാതി. വെള്ളം തുറന്നു വിടും മുമ്പു കല്ലും മണ്ണും മാലിന്യങ്ങളും വാരിക്കളഞ്ഞു കനാൽ വൃത്തിയാക്കാത്തതാണ് ഈ ദുരവസ്ഥയ്ക്കു കാരണം.
അറ്റകുറ്റപ്പണിയില്ലാതെ കനാൽ
കനാൽ നിർമ്മിച്ചിട്ടു 40ലേറെ വർഷങ്ങളായി. അതിനു ശേഷം ഇതുവരെയും കാര്യമായഅറ്റകുറ്റപ്പണികളൊന്നും തന്നെ നടത്തിയിട്ടില്ല. തിട്ടകൾ ഇടിഞ്ഞിട്ടുണ്ട്.പ്രദേശവാസികൾ നിരവധി തവണ അധികൃതരോട് ആവശ്യപ്പെട്ടിട്ടും പൊട്ടിപ്പൊളിഞ്ഞ കനാൽ നന്നാക്കുവാൻ നടപടി എടുത്തിട്ടില്ല. കനാലിൽ അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തി തങ്ങളുടെ ദുരിതത്തിനു പരിഹാരം കാണണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.