culvert
നെടുമ്പ്രം ഒറ്റത്തെങ്ങ് ജംഗ്ഷനിലെ കലുങ്കിന് സമീപം മണ്ണിട്ടുനികത്തുന്നു

തിരുവല്ല: നെടുമ്പ്രം ഒറ്റത്തെങ്ങ് ജംഗ്ഷന് സമീപം കലുങ്ക് നികത്തി കെട്ടിടം നിർമ്മിക്കാൻ സ്വകാര്യ വ്യക്തി നടത്തിയ നീക്കം പഞ്ചായത്തംഗവും നാട്ടുകാരും ചേർന്ന് തടഞ്ഞു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വില്ലേജ് ഓഫീസർ നിരോധന ഉത്തരവ് നൽകി. കലുങ്ക് മണ്ണിട്ട് നികത്തി സമീപ പുരയിടത്തിൽ കെട്ടിടം നിർമ്മിക്കാൻ സ്വകാര്യ വ്യക്തി നടത്തിയ നീക്കമാണ് ഇന്നലെ ഉച്ചയോടെ നെടുമ്പം പഞ്ചായത്തംഗം ജിജോ ചെറിയാന്റെ നേതൃത്വത്തിൽ തടഞ്ഞത്. തുടർന്ന് വില്ലേജ് ഓഫീസറും കൃഷി ഓഫീസറും സ്ഥലത്തെത്തി. നിർമ്മാണം അനധികൃതമാണെന്ന് ബോദ്ധ്യമായതിനെ തുടർന്ന് വസ്തു ഉടമയ്ക്ക് നിരോധന ഉത്തരവ് നൽകുകയായിരുന്നു. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശത്ത് കലുങ്ക് നികത്തുന്നത് കൂടുതൽ ദുരിതങ്ങൾക്ക് കാരണമാകുമെന്നും നിർമ്മാണം തുടർന്നാൽ ജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും ജിജോ ചെറിയാൻ പറഞ്ഞു.