 
തിരുവല്ല: പെരിങ്ങര പഞ്ചായത്തിലെ ചാത്തങ്കരി ഗവ.എൽ.പി.സ്‌കൂൾ പുതിയ കെട്ടിത്തിൽ പ്രവർത്തനം തുടങ്ങുന്നു. സമഗ്ര ശിക്ഷ കേരള (എസ്.എസ്.കെ) മുഖേന കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം അനുവദിച്ച 48 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ മന്ദിരം പൂർത്തിയാക്കിയത്. 2019ൽ തുടങ്ങിയ നിർമ്മാണം പല കാരണങ്ങളാൽ താമസിക്കുകയായിരുന്നു. നാല് ക്ലാസ് മുറികളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവേറെ ശുചിമുറികളും അടങ്ങിയതാണ് കെട്ടിടം. തിരുവിതാംകൂറിൽ ശ്രീമൂലം തിരുനാളിന്റെ ഭരണകാലത്താണ് 1913ൽ സ്‌കൂൾ സ്ഥാപിതമായത്. നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്നിന് മാത്യു ടി.തോമസ് എം.എൽ.എ നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, പുളിക്കീഴ് ബ്ലോക്ക് പ്രസിഡന്റ് ചന്ദ്രലേഖ, വൈസ് പ്രസിഡന്റ് ബിനിൽകുമാർ, ബ്ലോക്ക് മെമ്പർ അരുന്ധതി അശോക്, സ്‌കൂൾ ഹെഡ്മിസ്ട്രസ് കെ.എ. കലാകുമാരി എന്നിവർ പ്രസംഗിക്കും.