 
തിരുവല്ല : നഗരത്തിൽ കെ.എസ്.ആർ.ടി.സി. ബസ് ടെർമിനലിന് സമീപത്തെ വസ്ത്ര വ്യാപാരശാലയുടെ ഗോഡൗണിൽ തീപിടിച്ച് 35 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി പ്രാഥമികമായി കണക്കാക്കുന്നു. ശനിയാഴ്ച രാത്രി 10.20 നാണ് തിരുവല്ല രാഗം ടെക്സ്റ്റയിൽസിന്റെ ഗോഡൗണിൽ വൻ തീപിടിത്തം ഉണ്ടായത്. തിരുവല്ല, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, പത്തനംതിട്ട എന്നീ ഫയർസ്റ്റേഷനുകളിൽ നിന്നായി ആറ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് രണ്ടുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പൂർണ്ണമായും തീയണച്ചത്. തീയണയ്ക്കാനുള്ള ശ്രമത്തിനിടെ അഗ്നിരക്ഷാസേനയിലെ ഫയർമാൻ കൊല്ലം ഈസ്റ്റ് കല്ലട മുട്ടം അഭിലാഷ് മന്ദിരത്തിൽ ആർ.അഭിലാഷി (44) ന് കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴെവീണ് പരിക്കേറ്റു. കൈക്കും കാലിനും നട്ടെല്ലിനും സാരമായി പരിക്കേറ്റ അഭിലാഷിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വസ്ത്രശാലയുടെ പിന്നിൽ മൂന്നാംനിലയിലെ ഗോഡൗണിനാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാൻ കാരണമായതെന്നാണ് വിലയിരുത്തൽ. നാല് സ്‌കൂളുകളിലേക്കുള്ള അയ്യായിരത്തോളം സെറ്റ് യൂണിഫോമുകളുടെ തുണികൾ, നാല് തയ്യൽ മെഷീനുകൾ, കസേരകൾ, മേശകൾ, പേപ്പർ ബാഗുകൾ, ഫാനുകൾ ഉൾപ്പെടെയുള്ളവ കത്തിനശിച്ചു. തിരുവല്ല റെയിൽവേ സ്റ്റേഷന് സമീപം പുന്നാച്ചിറയിൽ ജോസഫ് ചാക്കോയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. കെട്ടിടത്തിന്റെ താഴേക്കും സമീപ സ്ഥാപനങ്ങളിലേക്കും തീപടരും മുമ്പേ നിയന്ത്രിച്ചതിനാൽ വൻദുരന്തം ഒഴിവായി. തിരുവല്ല ഫയർ സ്റ്റേഷൻ ഓഫീസർ ആർ.ബാബുവിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസി.സ്റ്റേഷൻ ഓഫീസർമാരായ എം.കെ.രാജേഷ് കുമാർ, ജി. സുന്ദരേശൻ നായർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീയണയ്ക്കാൻ നേതൃത്വം നൽകിയത്.