 
തെങ്ങമം: മാലിന്യം റോഡരുകിൽ.കൈതക്കലിലെ മാലിന്യ പ്രശ്നത്തിന് പരിഹാരമില്ല. പള്ളിക്കൽ പഞ്ചായത്തിലെ കൈതക്കൽ 23-ാം വാർഡിലാണ് ഹരിതകർമ്മ സേനാ അംഗങ്ങൾ വീടുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം റോഡരുകിൽ കൊണ്ട് തട്ടി ദുർഗന്ധം വമിച്ച് നാട്ടുകാർക്ക് വഴി നടക്കാൻ പോലും പറ്റാത്ത സ്ഥിതിയായിരിക്കുന്നത്. കൈതക്കൽ - ഓലിക്കൽ - കളപ്പൻ ചിറ റോഡരുകിൽ തലപ്പാറ കുളത്തിന് സമീപമാണ് ഈ വാർഡിലെ മാലിന്യം സൂക്ഷിക്കാനുള്ള എം.സി.എഫ് സ്ഥാപിച്ചത്. വീടുകളിൽ നിന്നുള്ള മാലിന്യം ഹരിത കർമ്മസേന കളക്ട് ചെയ്ത് എം.സി.എഫിൽ സൂക്ഷിച്ചു. എം.സി.എഫ് നിറഞ്ഞ് കവിഞ്ഞ് മാലിന്യം അതിന് വെളിയിൽ ഇട്ടിട്ടും ഇവിടെ നിന്നും മാലിന്യം നീക്കം ചെയ്തിട്ടില്ല. ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ രാത്രിയിൽ ആരോ മാലിന്യത്തിന് തീയിട്ടു. എം.സി.എഫ് അടക്കം കത്തിനശിച്ചു. പിന്നീട് എം.സി.എഫ് പുനസ്ഥാപിച്ചിട്ടില്ല. ഹരിത കർമ്മസേന ഇപ്പോൾ വീടുകളിൽ നിന്ന് കളക്ട് ചെയ്യുന്ന മാലിന്യം എം.സി.എഫ് കത്തി നശിച്ചതിനാൽ എം.സി.എഫ് സ്ഥാപിച്ചിരുന്നതിന്റെ വെളിയിൽ കൊണ്ടുപോയി നിക്ഷേപിക്കുകയാണ്. നേരത്തെയുണ്ടായിരുന്ന അതേ സാഹചര്യമാണിപ്പോഴും. ദുർഗന്ധം വമിച്ചിട്ട് പരിസരവാസികൾക്കും നാട്ടുകാർക്കും ബുദ്ധിമുട്ടാവുകയാണ്.
പ്രഖ്യാപനങ്ങളിൽ ഒതുങ്ങുന്നു
മാലിന്യം ഇവിടെ നിന്നും തോട്ടുവാ ചന്തയിലുള്ള മെയിൻ എം.സി.എഫിലേക്ക് മാറ്റണ്ടതാണ്. ശുചിത്വ കേരള മിഷനാണ് ഇത് ചെയ്യേണ്ടത്. ഇത് കൃത്യമായി ചെയ്യുന്നില്ല. ഇതിനാൽ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ സ്ഥാപിച്ചിട്ടുള്ള എം.സി.എഫുകളിൽ മാലിന്യം കുന്നു കൂടുകയാണ്. വഴിയരികിൽ മാലിന്യം കുന്നു കൂടുമ്പോൾ പഞ്ചായത്തിന്റെ ശുചിത്വ പ്രഖ്യാപനങ്ങൾ ബോർഡുകളിൽ ഒതുങ്ങുകയാണ്.