28-vazhavithu
തുമ്പമൺ കൃഷി ഓഫിസിൽ വാഴവിത്ത് കൂട്ടിയിട്ടിരിക്കുന്നു

പന്തളം: തുമ്പമൺകൃഷി ഓഫീസിന്റെ ഗോഡൗണും സ്ഥലവും പഞ്ചായത്ത് കൈയേറിയതോടെ കൃഷി വകുപ്പിൽ നിന്നും ഈ ഓഫീസിൽ കർഷകർക്ക് വിതരണം ചെയ്യുന്നതിനു വേണ്ടി എത്തിക്കുന്ന സാധനസാമഗ്രികൾ സുരക്ഷിതമായി സൂക്ഷിക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് തുമ്പമൺ കൃഷിഭവനിലെ ജീവനക്കാർ. ഓഫീസിന് മുകളിലെ നിലയിലും താഴെയുള്ള ഒരു മുറിയിലുമായിരുന്നു വിത്ത്, വളം, കീടനാശിനി വിവിധയിനം തൈകൾ എന്നിവ സൂക്ഷിച്ചിരുന്നത്. എന്നാൽ ഇപ്പോൾ തുമ്പമൺ പഞ്ചായത്ത് ഹരിത കർമ്മ സേനക്ക് ഇവിടം പ്ലാസ്റ്റിക്ക് സൂക്ഷിക്കാൻ നൽകിയതോടെ കൃഷി ഓഫീസിലെ ജീവനക്കാർ ബുദ്ധിമുട്ടിലായി. കർഷകർക്ക് നൽകുന്നതിന് കൃഷി വകുപ്പിൽ നിന്നും ലഭിക്കുന്ന സാധനങ്ങൾ ഓഫീസിനകത്ത് ജീവനക്കാരുടെ മുറികളിലും ബാക്കിയുള്ളവ പുറത്തും കൂട്ടിയിട്ടിരിക്കുകയാണ്. ഒരുകോടി ഫലവൃക്ഷ തൈയ് വിതരണപദ്ധതിയിൽ ലഭിച്ചവയടക്കം കിടന്നു നശിക്കുകയാണ്. പലതവണ പഞ്ചായത്ത് അധികൃതർക്ക് കൃഷി ഓഫീസർ കത്തു നൽകിയെങ്കിലും ഇതുവരെയും ഹരിത കർമ്മ സേന പ്ലാസ്റ്റിക്കും മറ്റും ശേഖരിച്ച് സൂക്ഷിക്കുന്ന മുറികൾ അവ മാറ്റി കൃഷിവകുപ്പിന് ഉപയോഗിക്കാൻ സജ്ജമാക്കിയിട്ടില്ല .ഇതിനാൽ ഓഫീസ് പരിസരത്താണ് വഴവിത്ത് ,തെങ്ങും തെയ്യ് ,ജൈവവളങ്ങൾ എന്നിവ കൂട്ടിയിട്ടിരിക്കുന്നത്.

മോഷണം പതിവ്

ഇതിൽ പലതും മോഷണം പൊകുന്നതും പതിവാണ്. ഈ ഓഫീസ് പ്രവർത്തിക്കുന്ന കോമ്പൗണ്ടിലാണ് മറ്റ് വിവിധ സർക്കാർ സ്ഥാപനങ്ങളായ പബ്ലിക്ക് ലൈബ്രറി, ഹോമിയോ ആശുപത്രി ,അങ്കണവാടി, മത്സ്യ ക്ലബിന്റെ ഓഫീസ്, മൃഗാശുപത്രി, സാംസ്‌കാരിക നിലയം എന്നിവ പ്രവർത്തിക്കുന്നത് ഗേറ്റ് പലപ്പോഴും പൂട്ടാറില്ല. ഇത് സാമൂഹ്യ വിരുദ്ധർക്ക് സൗകര്യമാണ്.