
പത്തനംതിട്ട : ആറന്മുള പൊലീസ് സ്‌റ്റേഷൻ ഹൈടെക് ആകുകയാണ്. ജില്ലയിലെ ഏറ്റവും വലിയ സ്റ്റേഷനാണിത്. കേന്ദ്രസർക്കാർ പുറത്തിറക്കിയ പൊലീസ് സ്റ്റേഷൻ കെട്ടിട നിർമ്മാണ മാനദണ്ഡങ്ങൾ പാലിച്ചാണ് പുതിയകെട്ടിടം പണിതത്. മൂന്നുകോടി രൂപയാണ് ചെലവ്. മൂന്ന് നിലകളിലായി 9100 ചതുരശ്ര അടി വിസ്തീർണത്തിൽ ആധുനിക സൗകര്യങ്ങളോടെയാണ് നിർമ്മാണം. പഴയ പൊലീസ് സ്‌റ്റേഷൻ നിലനിന്ന സ്ഥലത്തുതന്നെയാണ് പുതിയ കെട്ടിടം പണിതിരിക്കുന്നത്. താഴത്തെ നിലയിൽ വാഹനപാർക്കിംഗ് സൗകര്യവും മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമുള്ള വിശ്രമമുറികളും ഉണ്ടാകും. പുരുഷ, വനിതാ ലോക്കപ്പുകൾ, ലൈബ്രറി, ഫസ്റ്റ് എയ്ഡ് റൂം, ജിംനേഷ്യം തുടങ്ങിയവയും ഒന്നും രണ്ടും നിലകളിലായി ക്രമീകരിച്ചിട്ടുണ്ട്. ചെങ്ങന്നൂർ - തെക്കേമല റോഡിൽ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിന്റെ കാണിക്ക മണ്ഡപത്തിന് സമീപത്താണ് പൊലീസ് സ്റ്റേഷൻ ഉയരുന്നത്. പ്രളയത്തിൽ പൊലീസ് സ്റ്റേഷൻ കെട്ടിടം മുങ്ങിപ്പോയതിനെതുടർന്ന് പാർത്ഥസാരഥി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ പൊലീസ് ക്വാർട്ടേഴ്‌സിന്റെ കെട്ടിടത്തിലാണ് നിലവിൽ സ്‌റ്റേഷൻ പ്രവർത്തിക്കുന്നത്. ഇവിടെ സ്ഥലപരിമിതികളേറെയാണ്.
മൂന്ന് നിലകളിൽ മൂന്നു കോടി ചെലവിട്ട് നിർമ്മാണം
9100 ചതുരശ്ര അടി വിസ്തീർണത്തിൽ
സൗകര്യങ്ങൾ
റിസപ്ഷൻ, സന്ദർശകർക്കുള്ള ഇരിപ്പിടങ്ങൾ, എസ്.എച്ച്.ഒയുടെ മുറി, കോൺഫറൻസ് ഹാൾ, ശുചിമുറികൾ, വയർലെസ് മുറി, ആയുധപ്പുര, റെക്കോർഡ്‌സ് റൂം, വിശ്രമമുറികൾ, അടുക്കള എന്നീ സൗകര്യങ്ങളാണ് ആറൻമുള സ്റ്റേഷനിൽ ക്രമീകരിച്ചിരിക്കുന്നത്.
5 പൊലീസ് സ്റ്റേഷനുകൾക്ക് പുതിയ കെട്ടിടം
പത്തനംതിട്ട : ജില്ലയിലെ അഞ്ച് പൊലീസ് സ്റ്റേഷനുകൾക്ക് പുതിയ കെട്ടിടം പണിയും. ആറൻമുള, മൂഴിയാർ, പുളിക്കീഴ് , പത്തനംതിട്ട വനിതാപൊലീസ് സ്റ്റേഷൻ, പത്തനംതിട്ട പൊലീസ് കൺട്രോൾ റൂം എന്നിവയ്ക്കാണ് പുതിയ കെട്ടിടം. ഇതിൽ ആറൻമുള പൊലീസ് സ്റ്റേഷന്റെ പണി പൂർത്തിയായിട്ടുണ്ട്. ആറൻമുള സ്റ്റേഷന്റെ ഉദ്ഘാടനവും മറ്റുസ്റ്റേഷനുകളുടെ തറക്കല്ലിടീലും മാർച്ച് 6ന് നടക്കും.