ചെങ്ങന്നൂർ: ഒരു വീഴ്ച ഈ വിദ്യാർത്ഥിയെ രക്ഷിച്ചത് യുദ്ധമുഖത്തുനിന്ന്. യുക്രെയിനിലെ ഐസുപാളിയിൽ തെന്നിവീണ് നടുവിന് പരുക്കുപറ്റിയ ഇടനാട് ചിറ്റരേത്ത് റിജിത്ത് ജിയോ മാത്യു നാട്ടിലെത്തിയത് ചികിത്സയ്ക്കാണ്. ഈ വീഴ്ച സംഭവിച്ചില്ലായിരുന്നുവെങ്കിൽ ഒരു പക്ഷേ യുദ്ധഭീതിയുടെ നടുവിൽ റിജിത്തിനും അവിടെ കഴിയേണ്ടിവന്നേനെ. യുക്രെയിനിലെ ഡിനോ പ്രോ യൂണിവേഴ്സിറ്റിയിലെ മെഡിക്കൽ വിദ്യാർത്ഥിയാണ് റിജിത്ത്. യുക്രെയിനിൽ നിന്ന് നാട്ടിലേക്ക് തിരിക്കുമ്പോൾ അവിടെ യുദ്ധത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിരുന്നു. യൂണിവേഴ്സിറ്റിയിലേക്ക് പോകും വഴിയാണ് റിജിത്തിന് ഐസിൽ തെന്നിവീണ് പരിക്കേറ്റത്. നടുവേദന കലശലായതോടെ ഫെബ്രുവരി രണ്ടാം വാരം നാട്ടിലേക്ക് തിരിച്ചു. യുദ്ധമുഖത്തുനിന്ന് നാട്ടിലെത്താൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് റിജോയും കുടുംബവും. പിതാവ് ജിയോ മാത്യു ഗൾഫിലാണ്. മാതാവ് ഷിജി മുളക്കുഴയിലെ സ്വകാര്യ സ്കൂളിലെ അദ്ധ്യാപികയാണ്. .ഏക സഹോദരൻ റോഹി.