 
കോഴഞ്ചേരി: പൊന്മലയിലുണ്ടായ തീപിടിത്തത്തിൽ ക്ഷേത്രത്തിനും കാവിനും കേടുപാടുകൾ സംഭവിച്ചു. .തോട്ടപ്പുഴശേരി പഞ്ചായത്തിലെ ഏറ്റവും ഉയർന്ന പ്രദേശമായ നാലാം വാർഡിലാണ് പൊൻമല. ഇന്നലെ ഉച്ചയോടെയാണ് സംഭവം. പൊൻമല ശിവ വിഷ്ണു ക്ഷേത്രത്തിലെ മാസപൂജ നടത്തുന്നതിനായി തയ്യാറാക്കിയ താൽക്കാലിക ഷെഡും നാഗരാജ ക്ഷേത്രത്തോട് ചേർന്നുള്ള കാവും കത്തിനശിച്ചു. സമീപത്തെ ക്രഷർ യൂണിറ്റിന്റെയും സ്വകാര്യ വ്യക്തിയുടേയും ക്ഷേത്രത്തിന്റേയും അടക്കം ആറ് ഏക്കറിലധികം സ്ഥലത്താണ് തീ പടർന്നത്. വീടുകളിൽ വീപ്പകളിൽ ശേഖരിച്ചിരുന്ന കുടിവെള്ളം ഉപയോഗിച്ച് തീ അണയ്ക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇവിടെ എത്തിച്ചേരാനും ബുദ്ധിമുട്ടാണ്. കോയിപ്പുറം പൊലീസും റാന്നി അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി മണിക്കൂറുകൾക്ക് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞത് . ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശത്തെ റബർ അടക്കമുള്ള മരങ്ങളും കാർഷിക വിളകളും കത്തിനശിച്ചു. ജനവാസം കുറഞ്ഞ ഈ ഭാഗത്ത് പുറത്തുനിന്ന് ആളുകൾ എത്താറുണ്ട്. ഇന്നലെയും രാവിലെ 11 ന് ശേഷം പത്തിലധികം പേരടങ്ങുന്ന സംഘം ഇവിടെ എത്തിയിരുന്നതായി പ്രദേശവാസികൾ പറയുന്നു. മദ്യപരുടെയും സാമൂഹിക വിരുദ്ധരുടെയും താവളമാണ് ഇവിടം.