തിരുവല്ല: താലൂക്കിലെ വിവിധ ക്ഷേത്രങ്ങൾ ഇന്ന് മഹാശിവരാത്രി ആഘോഷങ്ങൾക്കായി ഒരുങ്ങി.
ചാത്തങ്കരി അർദ്ധനാരീശ്വര ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവം ഇന്ന് സമാപിക്കും. കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമ്മ മഠാധിപതി സ്വാമി ശിവബോധനന്ദ ശിവശതകത്തെക്കുറിച്ച് പ്രഭാഷണം നടത്തി. ഇന്ന് രാവിലെ 6.30 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, തുടർന്ന് സമൂഹപ്രാർത്ഥന. ഏഴിന് പന്തീരടിപൂജ. 8.30ന് മൃത്യുഞ്ജയഹോമം, 10 ന് ശ്രീബലി, തുടർന്ന് കലശാഭിഷേകം. 11ന് ഗുരുവും ശിവനും എന്ന വിഷയത്തിൽ സൗമ്യ ഇ.ബാബു പ്രഭാഷണം നടത്തും. 12.30ന് സമൂഹസദ്യ. 5.30ന് കാഴ്ചശ്രീബലി, രാത്രി 10.35ന് ആറാട്ട് പുറപ്പാട്, തുടർന്ന് ആറാട്ട് വരവ്. നാരായണപ്രസാദ് തന്ത്രിയും മേൽശാന്തി ഷിബുരാജ് ശർമ്മയും ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും.
പെരിങ്ങര ഗുരുവാണീശ്വരം ക്ഷേത്രത്തിൽ ഇന്ന് രാവിലെ ഗണപതിഹോമം, തുടർന്ന് മഹാമൃത്യുഞ്ജയ ഹോമം, വൈകിട്ട് 7.30 മുതൽ സമൂഹപ്രാർത്ഥന. രാത്രി 12 ന് യാമപൂജ . തുടർന്ന് പ്രസാദവിതരണം.
മന്നൻകരച്ചിറ ശ്രീകേശവപുരം മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവവും പുനഃപ്രതിഷ്ഠാ വാർഷികവും ഇന്ന് സമാപിക്കും. രാവിലെ ഏഴിന് ശിവപുരാണ പാരായണം, 9ന് ശിവരാത്രി വിശേഷാൽ പൂജകൾ. ഒന്നിന് അന്നദാനം. വൈകിട്ട് ഏഴിന് ദീപാരാധന, പുഷ്‌പാഞ്ജലി, രാത്രി എട്ടിന് നൃത്തസന്ധ്യ, പത്തിന് ഭക്തിഗാനസുധ, 12ന് ഏകാദശ രുദ്രാഭിഷേകത്തോടെ ശിവരാത്രി പൂജ.

നിരണം തൃക്കപാലീശ്വരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവം ഇന്ന് സമാപിക്കും. രാവിലെ മുതൽ വിശേഷാൽ പൂജകൾ, 108 പ്രദക്ഷിണം, മഹാഗണപതിഹവനം, മഹാമൃത്യുഞ്ജയ ഹവനം, കലശപൂജ, വൈകിട്ട് ദീപാരാധന, ചുറ്റുവിളക്ക്, ശിവാഗ്നി ജ്വലനം, കലശാഭിഷേകം. രാത്രി 12ന് ശിവരാത്രി പൂജ .

വള്ളംകുളം പുത്തൻകാവുമല മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവം ഇന്ന് സമാപിക്കും. രാവിലെ മുതൽ വിശേഷാൽ പൂജകൾ, ഒൻപതിന് കാവടിയാട്ടം, 6.30ന് ആറാട്ട്, 12 ന് ശിവരാത്രി പൂജ എന്നിവയ്ക്ക് ക്ഷേത്രം തന്ത്രി സുരേഷ് കുമാർ ഭട്ടതിരിപ്പാട് കാർമ്മികത്വം വഹിക്കും.