തിരുവല്ല : ശ്രീവല്ലഭ മഹാക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ചുള്ള പന്തീരായിരം വഴിപാട് ഇന്ന് നടക്കും. തുകലശേരി മഹാദേവ ക്ഷേത്രത്തിലേക്ക് ഉണക്കലരി,ശർക്കര, കദളിപ്പഴം,പശുവിൻ പാൽ,നെയ്യ്,തേൻ,എള്ള്,നാളീകേരം,ഭസ്മം, പ്ലാവിൻ വിറക്,കൂവളത്തിൻ മാല,ഉടയാട തുടങ്ങിയ മുപ്പതോളം പൂജാദ്രവ്യങ്ങളുമായി ഇന്ന് രാവിലെ ആറിന് ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ നിന്ന് ഭക്തിനിർഭരമായ ഘോഷയാത്രയായെത്തി ആചാരപരമായി സമർപ്പിക്കും. തുടർന്ന് 7ന് പന്തീരായിരം വഴിപാടിനുള്ള പഴക്കുലകൾ വഹിച്ചുകൊണ്ടുള്ള നാമജപ ഘോഷയാത്ര അവിടെനിന്ന് ശ്രീവല്ലഭക്ഷേത്രത്തിലേക്ക് നടക്കും. ഘോഷയാത്രയായി എത്തിക്കുന്ന പടറ്റിക്കുലകൾ മണ്ഡപത്തിൽ സമർപ്പിച്ചശേഷം രാവിലെ 8 ന് നടക്കുന്ന പന്തീരടി പൂജാവേളയിലാണ് നിവേദിക്കുന്നത്. യോഗക്ഷേമസഭയുടെ നേതൃത്വത്തിൽ നിവേദ്യത്തിനുള്ള പഴങ്ങൾ തയ്യാറാക്കും. തുടർന്ന് ഭക്തർക്ക് പ്രസാദവിതരണം നടക്കും. അഞ്ചിന് വൈകിട്ട് 5.35നും 6.05നും മദ്ധ്യേ പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിന് കൊടിയേറും. കൊടിമരത്തിന് ഇടിമിന്നലേറ്റ സാഹചര്യത്തിൽ ഇത്തവണ താത്കാലിക കൊടിമരത്തിലാണ് കൊടിയേറ്റുക. ഉത്സവത്തോടനുബന്ധിച്ച് കഥകളി, ചതുശതം എന്നീ വഴിപാടുകൾ നടത്തുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ അഡ്ഹോക് കമ്മിറ്റി കൺവീനർ (ഫോൺ 9446090023) ജോ.കൺവീനർ (9495266263) എന്നിവരുമായി ബന്ധപ്പെടണം