 
ഓയൂർ : പൂയപ്പള്ളി ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ പ്രവർത്തിക്കാതായിട്ട് നാളുകളേറെയായി. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഇവിടെ സിഗ്നൽ ലൈറ്റുകൾ പ്രവർത്തിക്കാത്തത് യാത്രക്കാരെ വലയ്ക്കുന്നു. തലനാരിഴയ്ക്കാണ് പലപ്പോഴും അപകടങ്ങൾ ഒഴിവാക്കുന്നത്. കൊല്ലം - കുളത്തൂപ്പുഴ, കൊട്ടാരക്കര - ഓയൂർ റോഡുകളുടെ സംഗമ സ്ഥാനമാണിവിടം. ആംബുലൻസുകൾ ഉൾപ്പെടെ രോഗികളുമായി കടന്നു പോകുന്ന വാഹനങ്ങൾ പലപ്പോഴും ഇവിടെ കുടുങ്ങാറുണ്ട്. ഏറെ നേരത്തെ കാത്തുകിടപ്പിന് ശേഷമാണ് സിഗ്നൽ പ്രവർത്തിക്കില്ലെന്ന് മനസിലാകുക. ഇതിനിടയിൽ യാത്രക്കാർ തമ്മിലുള്ള സംഘർഷങ്ങളും ഉണ്ടാകാറുണ്ട്. പത്തുവർഷം മുമ്പ് സ്ഥാപിച്ച സിഗ്നൽ ലൈറ്റുകൾക്ക് കാലാകാലങ്ങളിൽ സർവീസ് നടത്താതെ കേടാകുകയായിരുന്നു. ഇടയ്ക്ക് പഞ്ചായത്ത് അധികൃതർ കെൽട്രോണിന്റെ സഹായത്താൽ താത്കാലിക പരിഹാരം കണ്ടെങ്കിലും ദിവസങ്ങൾ മാത്രമാണ് ഫലമുണ്ടായിരുന്നത്.
കുടിവെള്ളം പൊട്ടിയൊഴുകുന്നു
ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടി കുടിവെള്ളം ഒലിച്ചു പോകുന്നതും ഈ റോഡിലൂടെയാണ്. വാട്ടർ അതോറിറ്റി അറ്റകുറ്റപ്പണി നടത്തുമെങ്കിലും ദിവസങ്ങൾക്കുള്ളിൽ വീണ്ടും പൊട്ടി കുടിവെള്ളം പാഴാവുകയാണ് പതിവ്.
സിഗ്നൽ ലൈറ്റ് സംവിധാനം ശരിയാക്കാൻ ടെൻഡർ നടപടികൾ ആരംഭിക്കും. പഴയ ലൈറ്റുകൾ മാറ്റി എൽ. ഇ .ഡി ബൾബുകൾ വെച്ചാൽ പരിഹാരമാകും. അതുപോലെ ജപ്പാൻ കുടിവെള്ള പൈപ്പുകൾ പൊട്ടി കൂടുതൽ കുടിവെള്ളം ഇവിടെ നഷ്ടപ്പെടുകയാണ്. കുടിവെള്ള ക്ഷാമം കൂടുതലുള്ള ഈ പ്രദേശത്ത് ടാങ്കറുകളിൽ സ്വന്തം ചെലവിൽ വെള്ളം എത്തിക്കുകയാണിപ്പോൾ.
രാജു ചാവടിയിൽ (പൂയപ്പള്ളി വാർഡ് മെമ്പർ )
സിഗ്നൽ പ്രവർത്തിക്കാത്തമൂലം ഗതാഗത കുരുക്കും അപകടങ്ങളും കൂടുന്നുണ്ട്. പഞ്ചായത്ത് അധികൃതർ പരിഹാരം കാണണം.
ജപ്പാൻ കുടിവെള്ള പൈപ്പുകൾ പൊട്ടി ജലം പാഴാകുന്നത് പതിവാണ്. നിർമ്മാണ പിഴവും തരം താഴ്ന്ന പൈപ്പുകളുടെ ഉപയോഗവുമാണ് തകർച്ചയ്ക്ക് മുഖ്യ കാരണം. ഗുണമേന്മയുള്ള പൈപ്പുകൾ സ്ഥാപിക്കണം.
കൊട്ടറ വിക്രമൻ നായർ (ജനറൽ സെക്രട്ടറി, ജില്ലാ ഭരണ പരിഷ്കാരവേദി )