
എഴുകോൺ: ജില്ലയിലെ എഴുകോൺ അടക്കമുള്ള സബ് രജിസ്ട്രാർ ഓഫീസുകളിൽ ഫയലുകൾ കെട്ടിക്കിടക്കുന്നു. പ്രമാണ പകർപ്പെടുക്കുന്ന കാമറകൾ പണിമുടക്കിയതാണ് പ്രതിസന്ധിക്ക് കാരണം. ആവശ്യപ്പെടുന്നവർക്ക് വാല്യങ്ങളിൽ നിന്ന് പകർപ്പെടുത്ത് നൽകാനാണ് കാമറകൾ ഉപയോഗിക്കുന്നത്. വലിയ രജിസ്ട്രാർ ബുക്കുകളായതിനാൽ സ്കാൻ ചെയ്ത് പ്രിന്റ് എടുക്കാൻ കഴിയില്ല. അതിനാൽ റെക്കാഡ് ബുക്കിന്റെ ആവശ്യമുള്ള പേജ് ഫോട്ടോ എടുത്ത് പ്രിന്റ് ചെയ്താണ് ആവശ്യക്കാർക്ക് നൽകുന്നത്.
നിലവിൽ കാമറകൾ പണിമുടക്കിയ ഓഫീസുകളിലേക്ക് ജില്ലാ രജിസ്ട്രാറുടെ നിർദേശ പ്രകാരം അടുത്തുള്ള സബ് രജിസ്ട്രാർ ഓഫീസുകളിൽ നിന്ന് രണ്ട് ദിവസത്തേക്ക് കാമറ വാങ്ങി ഒന്നിച്ച് പകർപ്പ് എടുക്കുകയാണ് ചെയ്യുന്നത്.
അടിയന്തര ആവശ്യങ്ങൾ നടക്കുന്നില്ല
കോടതി, വിദ്യാഭ്യാസ സംബന്ധമായി അടിയന്തര ആവശ്യങ്ങൾ വരുമ്പോഴാണ് പ്രശ്നം രൂക്ഷമാകുന്നത്. പകർപ്പിന് അപേക്ഷ കൊടുത്തശേഷം ഓഫീസിൽ കാമറ ലഭിക്കുന്ന ദിവസം വരെ കാത്തിരിക്കണം. ഒരു കാമറ പണിമുടക്കിയതിനാൽ രണ്ട് സബ് രജിസ്ട്രാർ ഓഫീസുകളുടെ പ്രവർത്തനമാണ് അവതാളത്തിലാകുന്നത്. അപേക്ഷകൾ കൂടുന്നതും സമയബന്ധിതമായി പകർപ്പുകൾ നൽകാൻ കഴിയാത്തതും ജീവനക്കാരെയും സമ്മർദ്ധത്തിലാക്കുന്നു. അപേക്ഷകൾ തീർപ്പാക്കാൻ കാലതാമസം വരുന്നതനുസരിച്ച് ഓഫീസുകളുടെ മുന്നിലെ തിരക്കും വർദ്ധിക്കും.
പരാതി നൽകിയിട്ടും നടപടിയില്ല
എഴുകോൺ സബ് രജിസ്ട്രാർ ഓഫീസിലെ കാമറ പ്രവർത്തിക്കാതായിട്ട് ഒരു വർഷത്തോളമായി. ജില്ലാ രജിസ്ട്രാർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഇല്ല. കൊട്ടാരക്കര അഡിഷണൽ രജിസ്ട്രാർ ഓഫീസിൽ നിന്നാണ് കാമറ എടുത്തിരുന്നത്. എന്നാൽ ബാറ്ററി തകരാറിലായതോടെ കലയപുരം സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് കാമറ എത്തിച്ചാണ് പകർപ്പുകൾ എടുക്കുന്നത്.
തിരുവനന്തപുരം രജിസ്ട്രാർ ഐ. ജി ഓഫീസിൽ നിന്നാണ് സബ് രജിസ്ട്രാർ ഓഫീസുകൾക്ക് വേണ്ട കാമറകൾ അനുവദിക്കുന്നത്. സബ് രജിസ്ട്രാർ ഓഫീസുകളിൽ നിന്നുള്ള ആവശ്യപ്രകാരം ഐ. ജി ഓഫീസിൽ പരാതി അറിയിച്ചിട്ടുണ്ട്. ഉടൻ പരിഹാരം ഉണ്ടാകും.
ജില്ലാ രജിസ്ട്രാർ ഓഫീസർ