 
കൊല്ലം: പള്ളിത്തോട്ടത്ത് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ കത്തിനശിച്ചു. ആർ.എസ്.പി ജില്ലാ കമ്മിറ്റി അംഗം പള്ളിത്തോട്ടം സംഗമം നഗർ മുടിശ്ശേരിയിൽ വീട്ടിൽ സദുവിന്റെ ഓട്ടോറിക്ഷയാണ് പൂർണമായി കത്തിയത്.
ഇന്നലെ പുലർച്ചെ 1.30 ഓടെയായിരുന്നു സംഭവം. സദുവിന്റെ വീടിനു മുന്നിലെ റോഡരികിലാണ് ഓട്ടോറിക്ഷ പാർക്ക് ചെയ്തിരുന്നത്. മത്സ്യബന്ധനത്തിന് പോകാനിറങ്ങിയ അയൽവാസിയാണ് ഓട്ടോ കത്തുന്നത് കണ്ടത്. അദ്ദേഹത്തിന്റെ നിലവിളി കേട്ട് സദു എത്തിയെങ്കിലും തീ കെടുത്താനായില്ല. പള്ളിത്തോട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആരെങ്കിലും കത്തിച്ചതാണോയെന്നും സംശയമുണ്ട്. ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, എ.ഐ.സി.സി അംഗം ബിന്ദുകൃഷ്ണ, ആർ.എസ്.പി നേതാവ് ഷിബു ബേബിജോൺ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.