auto

 എക്സ്പാൻഷൻ ജോയിന്റും റോഡും തകർന്നു

കൊല്ലം: കൊല്ലം കമ്മിഷണർ ഓഫീസ് റെയിൽവേ ഓവർബ്രിഡ്ജിൽ കോൺക്രീറ്റ് സ്ളാബുകളെ ബന്ധിപ്പിക്കുന്ന എക്സ്പാൻഷൻ ജോയിന്റും റോഡും തകർന്ന് യാത്ര ദുഷ്കരമായിട്ടും നടപടിയില്ല.

റോഡിലെ മെറ്റലും ടാറും ഇളകി വലിയ കുഴികൾ രൂപപ്പെട്ടിട്ട് നാളുകളായി. ഇതിനിടെ പാലത്തിന്റെ കൈവരി പെയിന്റ് ചെയ്തെങ്കിലും കുഴികളുടെ കാര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് അനക്കമൊന്നുമില്ല. റോഡിന്റെ തകർച്ചയ്ക്കു പിന്നാലെ പാലത്തിന്റെ ഇരുമ്പ് ജോയിന്റുകൾ ഇളകി മാറിയതും വാഹനയാത്രയ്ക്ക് ഭീഷണിയായി. സ്ളാബുകളിൽ നിന്ന് കോൺക്രീറ്റ് ഇളകി മാറിയ സ്ഥാനത്ത് വലിയ കുഴികൾ രൂപപ്പെട്ടു. ഇവിടെ കമ്പികൾ പുറത്തേക്ക് തള്ളി നിൽക്കുകയാണ്. വാഹനങ്ങൾ പോകുമ്പോൾ ഇരുമ്പ് ജോയിന്റുകൾ വലിയ ശബ്ദത്തോടെ ഇളകി മാറും. ഈ ജോയിന്റുകളിൽ തട്ടി വാഹനങ്ങൾക്ക് കേടുപാട് സംഭവിക്കുന്നതും പതിവായി.

രാത്രികാലങ്ങളിൽ ഇരുചക്ര വാഹനങ്ങളാണ് കൂടുതലായി അപകടത്തിൽപ്പെടുന്നത്. പാലത്തിന്റെ നിർമ്മാണം പൂർത്തിയായി ഗതാഗതം ആരംഭിച്ച കാലം മുതൽ എക്സ്പാൻഷൻ ജോയിന്റുകളുടെ ബലക്ഷയം പ്രധാന പ്രശ്നമായിരുന്നു. ഇളകി മാറിയ ജോയിന്റുകൾ ബലപ്പെടുത്തിയിട്ട് മാസങ്ങളേ ആയിട്ടുള്ളൂ.

 ടെണ്ടർ നടുറോഡിൽ

റോഡിന്റെ അറ്റകുറ്റപ്പണികൾക്ക് ടെൻഡർ നൽകി ആഴ്ചകളായെങ്കിലും ജോലികൾ ആരംഭിച്ചിട്ടില്ല. പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗമാണ് ഈ ജോലികൾ നടത്തുന്നത്. എക്സ്പാൻഷൻ ജോയിന്റിന്റെ ജോലികൾ നടത്തേണ്ടത് ബ്രിഡ്ജസ് വിഭാഗമാണ്. റോഡ് അറ്റകുറ്റപ്പണികൾക്കൊപ്പം എക്സ്പാൻഷൻ ജോയിന്റ് ജോലികളും നടത്തുമെന്നാണ് ബ്രിഡ്ജസ് വിഭാഗം പറഞ്ഞിരുന്നത്.

ഇതിനായി പാലം അടച്ചിടേണ്ടി വരുമെന്നും ഇരുമ്പുപാലത്തിന്റെ സമാന്തര പാലം തുറക്കുന്നതോടെ ഇവിടെ ജോലികൾ ആരംഭിക്കുമെന്നും പറഞ്ഞെങ്കിലും ഒന്നും സംഭവിച്ചില്ല.

ഓവർബ്രിഡ്ജിന്റെ ടാറിംഗിന് കരാർ നൽകി. എഗ്രിമെന്റ് വച്ചിട്ടുണ്ട്. ജോലികൾ ഉടൻ ആരംഭിക്കും.

ജോയിന്റുകൾ ബലപ്പെടുത്തുന്നതിനെപ്പറ്റി വ്യക്തതയില്ല

പൊതുമരാമത്ത് റോഡ്സ് വിഭാഗം അസി. എക്സിക്യുട്ടീവ് എൻജിനീയർ