photo
തെരുവ് നായ്ക്കളുടെ ആക്രമണത്തിനിരയായ അഭിഷ്ക്

അഞ്ചൽ: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ സ്കൂൾ വിദ്യാർത്ഥിക്ക് പരിക്ക്. ഇടമുളയ്ക്കൽ തൊള്ളുർ അക്കരെയുള്ള പുത്തൻവീട്ടിൽ ഷിബുവിന്റെയും ശോഭയുടെയും മകനും ഇടമുളയ്ക്കൽ ജവഹർ എച്ച്.എസ്.എസ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുമായ അഭിഷേകിനെയാണ് തെരുവുനായ്ക്കൾ ആക്രമിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ വീടിന്റെ സിറ്റൗട്ടിൽ നിൽക്കുമ്പോഴാണ് ആക്രമണം. കണ്ണിന് താഴെയും മൂക്കിനും വായ്ക്കുള്ളിലും മാരകമായി മുറിവേറ്റ അഭിഷേക് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ തേടി. പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ് . വളർത്തുമൃഗങ്ങളെയും ആളുകളെയും തെരുവുനായ്ക്കൾ ആക്രമിക്കുന്നത് പതിവായിരിക്കുകയാണ്. അസുര മംഗലത്ത് നീതു ഭവനിൽ സുധ എന്ന വീട്ടമ്മയെയും കഴിഞ്ഞദിവസം തെരുവുനായ ആക്രമിച്ചിരുന്നു.തെരുവുനായ ശല്യത്തിന് പഞ്ചായത്ത് ഭരണസമിതി പരിഹാരം കാണണമെന്നും ഇല്ലാത്തപക്ഷം പഞ്ചായത്തിനെതിരെ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ലിജു ആലുവിള അറിയിച്ചു.