കൊല്ലം: എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയനിൽ വിഭാഗീയത സൃഷ്ടിക്കാൻ സി.പി.എം നീക്കം. സംഘടനാവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പുറത്താക്കിയ ശാഖ സെക്രട്ടറിക്ക് പിന്തുണ നൽകി യൂണിയന്റെ പ്രവർത്തനങ്ങൾ തടസപ്പെടുത്താൻ ഒരുവിഭാഗം സി.പി.എം നേതാക്കൾ നടത്തുന്ന ശ്രമത്തിൽ പ്രതിഷേധവുമായി യൂണിയൻ നേതാക്കൾ രംഗത്തെത്തി.

യൂണിയനിലെ 430-ാം നമ്പർ ശാഖയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നു സംഘടനാ വിരുദ്ധപ്രവർത്തനത്തിന്റെ പേരിൽ, കൊല്ലം ട്രാഫിക് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ കൂടിയായ എസ്.പ്രദീപ് കുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു. സെക്രട്ടറി ഇൻ ചാർജ്ജായി ശാഖാ ഭരണസമിതി അംഗം അനൂപിനെ യോഗം ജനറൽ സെക്രട്ടറി നിയമിച്ചു. എന്നാൽ മുൻ സെക്രട്ടറി ശാഖ വക ക്ഷേത്രത്തിന്റെ രേഖകളും മറ്റും സെക്രട്ടറി ഇൻ ചാർജ്ജിന് കൈമാറാതെ ഓഫീസിന്റെ താക്കോൽ കൈവശം വച്ച് ഭരണപ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഇതിനെതിരെ കുണ്ടറ പൊലീസിനും ഉയർന്ന ഉദ്യോഗസ്ഥർക്കും പരാതി നൽകിയെങ്കിലും നടപടിയെടുത്തിട്ടില്ല. സ്ഥലത്തെ പ്രാദേശിക സി.പി.എം നേതാക്കൾ ഈ അവസരം മുതലെടുത്ത് പ്രദീപ്കുമാറിനെ പിന്തുണച്ച് അനാവശ്യ രാഷ്ട്രീയ ഇടപെടലുകൾ നടത്തുകയാണെന്നാണ് പരാതി. പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ശാഖാ വൈസ് പ്രസിഡന്റിനെ ദേഹോപദ്രവം ഏൽപ്പിച്ചെന്നും പരാതിയുണ്ട്. സെക്രട്ടറി ഇൻ ചാർജ്ജിന്റെ ബന്ധുവീടിന്റെ ജനൽചില്ലുകൾ തകർത്തു. കൊല്ലുമെന്നു ഭീഷണിയും മുഴക്കി. ശാഖാ പ്രവർത്തകർ പൊലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയതോടെയാണ് പൊലീസ് പരാതി സ്വീകരിച്ചത്.

എസ്.പ്രദീപ്കുമാർ പൊലീസിന്റെയും സി.പി.എം പ്രാദേശിക നേതാക്കളുടെയും പിൻബലത്തിൽ സാധാരണക്കാരായ ശാഖാംഗങ്ങളെ ഭീഷണിപ്പെടുത്തി യോഗത്തിന്റെ പ്രവർത്തനങ്ങളെ തടസപ്പെടുത്തുകയാണെന്ന് യൂണിയൻ ഭാരവാഹികൾ ആരോപിച്ചു. പൊലീസിന്റെ അനാസ്ഥ തുടർന്നാൽ കുണ്ടറ പൊലീസ് സ്റ്റേഷൻ ഉപരോധം അടക്കമുള്ള സമരമാർഗ്ഗങ്ങൾ സ്വീകരിക്കും. സമുദായ കാര്യങ്ങളിലും ക്ഷേത്രകാര്യങ്ങളിലും അനധികൃതമായി ഇടപെട്ട് വിഭാഗീയത ഉണ്ടാക്കുന്ന സി.പി.എം പ്രാദേശിക നേതാക്കളെ നിലയ്ക്ക് നിറുത്തിയില്ലെങ്കിൽ യൂണിയനിലെ 44 ശാഖകളുടെയും നേതൃത്വത്തിൽ പ്രത്യേക്ഷ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്ന് പ്രസിഡന്റ് ഡോ.ജി. ജയദേവൻ, സെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ എന്നിവർ അറിയിച്ചു.