 
കുളത്തൂപ്പുഴ: വനം വകുപ്പിലെ തെന്മല റേഞ്ചിൽ ഉൾപ്പെടുന്ന കല്ലുവരമ്പ് സെക്ഷനിൽ നിന്ന് ചന്ദനമരങ്ങൾ മുറിച്ചുകടത്തിയ കേസിലെ പ്രധാന പ്രതികൾ അറസ്റ്റിൽ. ആർച്ചൽ ചരുവിള പുത്തൻവീട്ടിൽ ജിജോ (32), കുളത്തൂപ്പുഴ വില്ലുമല തടത്തരികത്ത് വീട്ടിൽ പ്രവീൺ രാജ് (20), അൻപതേക്കർ പള്ളിക്കുന്ന് പുറത്ത് വീട്ടിൽ പക്രു എന്നു വിളിക്കുന്ന പ്രശാന്ത് (24) എന്നിവരെയാണ് കുളത്തൂപ്പുഴ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കല്ലുവരമ്പ് സെക്ഷനിൽ ഉൾപ്പെടുന്ന ഡീസന്റ് മുക്ക്, ശങ്കുണ്ണി പടിക്കൽ വനമേഖലയിൽ നിന്നാണ് ചന്ദനമരങ്ങൾ കവർന്നത്. സംസ്ഥാനത്തെ വൻ മോഷണ സംഘാംഗങ്ങളുമായി ഇവർക്ക് ബന്ധമുണ്ടെന്ന് കുളത്തൂപ്പുഴ ഫോറസ്റ്റ് ഓഫീസർ പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്തു.