കുന്നിക്കോട് : വിളക്കുടി ഗ്രാമ പഞ്ചായത്തിൽ വയോജന ക്ഷേമത്തിനായി ലക്ഷങ്ങൾ ചെലവാക്കി നിർമ്മിച്ച വയോജന സാംസ്കാരിക കേന്ദ്രം പ്രയോജനപ്പെടുത്താതെ നശിക്കുന്നു. വയോജനങ്ങളുടെ ചികിത്സയും വിശ്രമവും ഉല്ലാസവും മുൻനിറുത്തിയാണ് കെട്ടിടം നിർമ്മിച്ചത്. എന്നാൽ ഇപ്പോൾ പകൽ സമയത്ത്പോലും തെരുവുനായകളുടെയും സാമൂഹിക വിരുദ്ധരുടെയും കേന്ദ്രമായി ഇവിടം മാറിക്കഴിഞ്ഞു. കെട്ടിടവും പരിസരവും കാടുമൂടി നശിക്കുകയാണ്. വിളക്കുടി കുടുംബാരോഗ്യകേന്ദ്രത്തിന്റെ സമീപത്തായി കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളുടെ ഫണ്ട് ഉപയോഗിച്ചാണ് വയോജനകേന്ദ്രം നിർമ്മിച്ചത്. കുന്നിക്കോട് വലിയ തോടിനോട് ചേർന്ന സ്ഥലത്ത് 19 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു കെട്ടിട നിർമ്മാണം. 01 ജൂലായ് 2020 ൽ ഉദ്ഘാടനം നടത്തിയെങ്കിലും നാളിതുവരെ വയോജനങ്ങൾക്ക് ഉപകാരപ്പെട്ടിട്ടില്ല. കുറച്ച് മാസങ്ങൾക്ക് മുൻപ് വരെ കൊവിഡ് പരിശോധനയ്ക്ക് വേണ്ടി മാത്രമാണ് കെട്ടിടം ഉപയോഗിച്ചത്. നിലവിൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 108 ആംബുലൻസിന്റെ ജീവനക്കാർക്ക് ഇവിടെ വിശ്രമിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. .
വയോജനങ്ങളെ ആകർഷിക്കാൻ
വയോജനങ്ങളുടെ വിശ്രമവും മാനസിക ഉല്ലാസവും ലക്ഷ്യമിട്ട് നിർമ്മിക്കുന്ന പകൽവീടുകളാണ് വയോജനകേന്ദ്രം . വിളക്കുടി വയോജനകേന്ദ്രത്തിൽ അത്തരം സൗകര്യങ്ങളുടെ ആഭാവമുണ്ട്. വയോജനങ്ങളെ ആകർഷിക്കാൻ വിവിധ പദ്ധതികൾ ഇവിടെ നടപ്പിലാക്കേണ്ടതുണ്ട്. കരകൗശലവസ്തു നിർമ്മാണം അടക്കമുള്ള ലളിതവും വരുമാനം ലഭിക്കുന്നതുമായ പദ്ധതികൾ ആവിഷ്കരിക്കണം. കലാപ്രകടനങ്ങൾക്കും ആരോഗ്യസംരക്ഷണത്തിനും കേന്ദ്രത്തിൽ സൗകര്യമൊരുക്കണം. പത്രപാരായണം നടത്താനും ടി.വി. പരിപാടികൾ ആസ്വദിക്കാനും ലഘുവിനോദങ്ങളിൽ ഏർപ്പെടാനുമുള്ള സൗകര്യം ഒരുക്കണം. വാഹനസൗകര്യം ബുദ്ധിമുട്ടുള്ള വയോജനങ്ങൾക്ക് തങ്ങളുടെ വീടുകളിൽ നിന്ന് കേന്ദ്രത്തിൽ വന്നുപോകാനുള്ള യാത്രാ സൗകര്യവുമൊരുക്കണം.
വിളക്കുടി വയോജനകേന്ദ്രത്തിന്റെ ഒരു വശത്ത് കുന്നിക്കോട് വലിയതോട് ഒഴുകുന്നതിനാൽ മണ്ണിടിച്ചിൽ തടയാൻ സംരക്ഷണഭിത്തിയും തോട്ടിലേക്ക് ഇറങ്ങാൻ കൽപ്പടവുകളും നിർമ്മിക്കാനുണ്ട്. സായാഹ്നങ്ങൾ ചെലവഴിക്കാൻ അലങ്കാര വിളക്കുകളോടുകൂടിയ പൂന്തോട്ടവും ഇരിപ്പിടങ്ങളും ഒരുക്കണം. ഇതിനോടൊപ്പം പൊതുജനങ്ങൾക്ക് വ്യായാമത്തിനായി ഓപ്പൺ ജിംനേഷ്യവും ഒരുക്കും. കൂടാതെ പൊതുപരിപാടികൾ സംഘടിപ്പിക്കാനായി ഒരു മിനി സ്റ്റേജും തയ്യാറാക്കാൻ പദ്ധതിയിലുണ്ട്. അടുത്ത സാമ്പത്തിക വർഷം ഇതെല്ലാം തയ്യാറാക്കാൻ കഴിയും.
അദബിയ നാസറുദ്ദീൻ (വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)