 
ശാസ്താംകോട്ട: ഫിൽട്ടൽ ഹൗസ് ജംഗ്ഷന് സമീപം റോഡരികിൽ നിന്ന മരം ഓടികൊണ്ടിരുന്ന വാഹനത്തിന് മുകളിലേക്ക് വീണ് കാർ തകർന്നു. ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് അപകടം. ശാസ്താംകോട്ട ഭാഗത്ത് നിന്ന് കാരാളി മുക്ക് ഭാഗത്തേക്ക് പോവുകയായിരുന്ന കാറിന്റെ മുകളിലേക്കാണ് മരം വീണത്. കാറിന്റെ ബോണറ്റ് ഭാഗവും ഗ്ലാസും തകർന്നു. സ്ത്രീകൾ അടക്കമുള്ള യാത്രക്കാർ കാറിൽ ഉണ്ടായിരുന്നെങ്കിലും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. മണ്ണടി സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. കുറ്റൻ പുളിവാകമരമാണ് ചുവടോടെ പിഴുത് വീണത്. 11 കെ.വി ഇലക്ട്രിക് ലൈനിന്റെ മുകളിലേക്ക് വീണ് ലൈൻ കമ്പി ഉൾപ്പെടെ പൊട്ടിയാണ് വീണത്. ശാസ്താംകോട്ടയിൽ നിന്ന് ഫയർഫോഴ്സ് സംഘവും പൊലീസും ഉടൻ തന്നെ സ്ഥലത്ത് എത്തി പ്രദേശവാസികളുടെ സഹകരണത്തോടെ മരംമുറിച്ചു മാറ്റി. കെ.എസ്.ഇ.ബി ജീവനക്കാർ എത്തി ലൈൻ കമ്പികളുടെ തകരാർ പരിഹരിക്കാൻ നടപടി തുടങ്ങി.റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ആറ് മാസം മുമ്പ് റോഡരികിൽ നിന്ന ഈ മരത്തിന്റെ ചുവട്ടിൽ നിന്ന് മണ്ണ് നീക്കം ചെയ്തതോടെ മരം അപകടാവസ്ഥയിലായിരുന്നു. മരംമുറിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല.