bridge
അഴീക്കൽ വലിയഴീക്കൽ പാലം

 അഴീക്കൽ ബോ സ്ട്രിംഗ് ആർച്ച് പാലം ഉദ്ഘാടനം ഉടൻ

കൊല്ലം: കൊല്ലത്തെ ആലപ്പുഴയുമായി ബന്ധിപ്പിക്കുന്ന ബോ സ്ട്രിംഗ് ആർച്ച് പാലം ഉദ്ഘാടനത്തിനൊരുങ്ങുന്നു. വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിലാണ് ആലപ്പാട് പഞ്ചായത്തിലെ അഴീക്കലിനെയും ആലപ്പുഴ ആറാട്ടുപുഴയിലെ വലിയഴീക്കലിനെയും സ്പർശിച്ച് പാലം പൂർത്തിയാക്കിയത്. കാഴ്ചയിൽ ഏറെ മനോഹരമായ പാലം സഞ്ചാരികളെയും ആകർഷിക്കും.

967 മീറ്റർ നീളമുള്ള പാലം ദക്ഷിണേന്ത്യയിലെത്തന്നെ ഏറ്റവും വലിയ ആർച്ച് പാലമാണ്. തോട്ടപ്പള്ളി മുതൽ കരുനാഗപ്പള്ളി പണിക്കർ കടവ് വരെയുള്ള തീരദേശ പാതയും പാലം തുറക്കുന്നതോടെ കൂടുതൽ സജീവമാകും. പണിക്കർ കടവിൽ നിന്ന് വിളിപ്പാടകലെയാണ് അഴീക്കൽ ബീച്ചും മത്സ്യബന്ധന തുറമുഖവും.

അറബിക്കടലിൽ നിന്നു ദേശീയ ജലപാതയിലേക്കും അഴീക്കൽ ഹാർബറിലേക്കും ഭാവിയിൽ ചെറിയ കപ്പലുകൾക്കും ബാർജുകൾക്കും വരെ കടന്നു പോകാവുന്ന വിധം ജലോപരിതലത്തിൽ നിന്ന് 12 മീറ്റർ ഉയരമാണുള്ളത്. കടലിന് അഭിമുഖമായുള്ള ന്യൂയോർക്ക് സാൻഫ്രാൻസിസ്‌കോ ഗോൾഡൻ ഗേറ്റ് പാലത്തിന്റെ പെയിന്റിംഗ് മാതൃകയാക്കിയാണു അഴീക്കൽ പാലത്തിനും നൽകിയത്. ഇന്റർനാഷനൽ ഓറഞ്ച് നിറത്തിനു പുറമേ ക്രീം കളറും ഉപയോഗിച്ചിട്ടുണ്ട്. പാലത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ മന്ത്രി മുഹമ്മദ് റിയാസ് എത്തിയിരുന്നു. മിനുക്കുപണികളാണ് ഇപ്പോൾ നടക്കുന്നത്.

# ആകർഷണം ആർച്ചുകൾ

2016 ഫെബ്രുവരി 27ന് തറക്കല്ലിട്ട പാലം നിർമ്മിച്ചത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ്. പ്രധാന ആകർഷണം, മദ്ധ്യഭാഗത്തുളള 3 ബോ സ്ട്രിങ് ആർച്ചുകളാണ്. വലിയ മത്സ്യബന്ധന ബോട്ടുകൾക്ക് ആയാസരഹിതമായി കടന്നുപോകാം. പ്രദേശത്തെ ടൂറിസം മേഖലയ്ക്ക് കൂടി പാലം മുതൽക്കൂട്ടാവും. പാലത്തിൽ നിന്ന് ഉദയവും അസ്തമനവും വീക്ഷിക്കാൻ സൗകര്യമുണ്ട്. അഴീക്കൽ നിന്നു വലിയഴീക്കലേക്ക് 28 കിലോമീറ്ററാണ് ലാഭിക്കാനാവുക.

# കുതിക്കും വികസനം


സുനാമി തകർത്തെറിഞ്ഞ ആലപ്പാട് അഴീക്കൽ, ആറാട്ടുപുഴ വലിയഴീക്കൽ ഗ്രാമങ്ങളുടെ വികസനക്കുതിപ്പിന് പാലം കരുത്തേകും. അഴീക്കൽ ബീച്ച്, വലിയഴീക്കൽ ലൈറ്റ് ഹൗസ്, അഴീക്കൽ ഹാർബർ, മാതാ അമൃതാനന്ദമയി മഠം തുടങ്ങിയ സ്ഥലങ്ങളെ കോർത്തിണക്കിയാൽ ടൂറിസം രംഗത്ത് കുതിച്ചുചാട്ടത്തിനു കളമൊരുങ്ങും.

............................................


 29: ആകെ സ്പാനുകൾ

 ₹ 136.39 കോടി: നിർമ്മാണച്ചെലവ്

 1229 മീറ്റർ: അപ്രോച്ച് റോഡ് ഉൾപ്പെടെയുള്ള നീളം

 13.2 മീറ്റർ: നടപ്പാത ഉൾപ്പെടെയുള്ള വീതി.

 110 മീറ്റർ: ഒരു ആർച്ചിന്റെ നീളം

 12 മീറ്റർ: ജലോപരിതലത്തിൽ നിന്നുള്ള ഉയരം