 
കൊല്ലം: സംസ്ഥാന ബഡ്ജറ്റിൽ കൊട്ടാരക്കര പുലമൺ ജംഗ്ഷനിലെ ഗതാഗത കുരുക്കഴിക്കാനുള്ള ബൈപ്പാസ് ഇടം പിടിക്കുമോയെന്ന കാത്തിരിപ്പിലാണ് നാട്ടുകാർ.
കൊല്ലം-തിരുമംഗലം ദേശീയപാതയും എം.സി റോഡും സംഗമിക്കുന്ന പ്രധാന കവലയാണ് പുലമൺ. കൊല്ലം, പുനലൂർ, തിരുവനന്തപുരം, അടൂർ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ പുലമൺ കവല വഴി കടന്നു പോകുന്നതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഇതോടെ ജംഗ്ഷനിൽ ഓവർബ്രിഡ്ജ് നിർമ്മിക്കണമെന്ന നിർദേശം പല കേന്ദ്രങ്ങളിൽ നിന്ന് ഉയർന്നു. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് സ്റ്റാൻഡുകൾ ഉൾപ്പെടുന്ന നഗരത്തിന്റെ ഹൃദയഭാഗത്ത് ഓവർബ്രിഡ്ജ് വരുന്നത് അശാസ്ത്രീയവും നഗരത്തിന്റെ സൗന്ദര്യം നഷ്ടപ്പെടുത്തുന്നതുമാണെന്ന ആശയം ശക്തമായതോടെയാണ്
ഗതാഗത കുരുക്ക് അഴിക്കാൻ ബൈപ്പാസ് എന്ന ആശയമുണ്ടായത്.
എതിർപ്പിൽ കുരുങ്ങി ഫ്ളൈ ഓവർ
വെട്ടിക്കവലയിൽ മുൻ മന്ത്രി ജി.സുധാകരൻ പങ്കെടുത്ത ഒരു സമ്മേളനത്തിൽ വച്ചാണ് ആർ.ബാലകൃഷ്ണപിള്ള ഫ്ളൈഓവർ എന്ന ആശയം മുന്നോട്ടുവച്ചത്. കെ.ബി.ഗണേശ് കുമാറിനെ സാദ്ധ്യതകൾ വിലയിരുത്താൻ മന്ത്രി ചുമതലപ്പെടുത്തുകയും സ്റ്റീൽ പാലം എന്ന ആശയം മുന്നോട്ടു വക്കുകയും ചെയ്തു. അന്ന് എം.എൽ.എ ആയിരുന്ന പി.ഐഷാപോറ്റി അതിനെ എതിർക്കുകയും കോൺക്രീറ്റ് ഫ്ളൈ ഓവർ എന്ന ആശയം മുന്നോട്ടു വയ്ക്കുകയും ചെയ്തു. 59. 75 കോടി രൂപയുടെ ഫ്ളൈഓവർ നിർമ്മാണത്തിന് സർക്കാർ ഭരണാനുമതിയും നൽകി. 750 മീറ്റർ നീളവും 10.5 മീറ്റർ വീതിയുമുള്ള ഫ്ളൈഓവർ നിർമ്മിക്കാനായിരുന്നു പദ്ധതി. ഫ്ളൈ ഓവറിനെതിരെ എതിർപ്പുയർന്നതോടെ പദ്ധതി ചുവപ്പുനാടയിൽ കുടുങ്ങി. എം. സി റോഡിൽ അപ്പർ കരിക്കത്തുനിന്ന് ആരംഭിച്ച് പടിഞ്ഞാറെ തെരുവ് സെന്റ് മേരീസ് സ്കൂളിന് മുന്നിൽ ദേശീയ പാതയിൽ എത്തുന്ന തരത്തിൽ ബൈപ്പാസ് നിർമ്മിക്കണമെന്നാണ് പുതിയ നിർദേശം. ഇവിടെ നിന്ന് എം.സി റോഡിൽ മൈലത്ത് എത്തുന്ന വിധം റോഡ് നിർമ്മിക്കാം. റിംഗ് റോഡ് എന്ന നിലയിൽ നിലവിൽ നെടുവത്തൂരിൽ നിന്ന് നിർമ്മിച്ച റോഡും ഇതിനായി കൂട്ടിയോജിപ്പിക്കാൻ കഴിയും. .
പുലമൺ ജംഗ്ഷനിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ ബൈപ്പാസ് പരിഗണനയിലുണ്ട്. സർവ്വെ ഉൾപ്പടെ നടപടികൾ പൂർത്തിയാക്കിയിരുന്നു.
മന്ത്രി കെ. എൻ. ബാലഗോപാൽ