 
 കൂടുതൽ സർവീസുകൾ നടത്തും
കൊല്ലം: ബൈപ്പാസുകൾ വഴി കടന്നുപോകുന്ന 'കെ.എസ്.ആർ.ടി.സി ബൈപ്പാസ് റൈഡറു'കളുടെ നഗരത്തിലെ സ്റ്റോപ്പായ അയത്തിലിലെ ഫീഡർ സ്റ്റേഷൻ കേന്ദ്രീകരിച്ച് കൂടുതൽ സർവീസുകൾക്ക് ആലോചന. ബൈപ്പാസ് റൈഡറുകളിലേക്ക് യാത്രക്കാരെ ആകർഷിക്കാൻ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്നു ഇവിടേക്ക് സർവീസുണ്ടാവും. ഭാവിയിൽ ബൈപ്പാസ് ഡിപ്പോയായി അയത്തിൽ സ്റ്റോപ്പ് മാറും.
കൊല്ലം ഡിപ്പോയിൽ നിന്ന് മേവറം, കല്ലുന്താഴം റൂട്ടുകൾ വഴി ഫീഡർ സ്റ്റേഷനിലേക്കും തിരിച്ചും സർവീസ് നടത്താനായിരുന്നു നേരത്തെയുള്ള അലോചന. ഇങ്ങനെയാകുമ്പോൾ ബൈപ്പാസ് റൈഡറുകളിലേക്കുള്ള യാത്രക്കാർ ഡിപ്പോകളിലെത്തി കാത്തിരിക്കണം. ഇതൊഴിവാക്കാനാണ് മറ്റ് ഭാഗങ്ങളിലേക്കും ഫീഡർ സർവീസുകൾ വ്യാപിപ്പിക്കുന്നത്. ഇതിനുള്ള സാദ്ധ്യതാ പഠനം കൊല്ലം ഡിപ്പോയുടെ നേതൃത്വത്തിൽ ആരംഭിക്കും. റൈഡറുകളോടുള്ള യാത്രക്കാരുടെ പ്രതികരണം കണക്കിലെടുത്താകും ഫീഡർ സർവീസുകളുടെ വ്യാപനം.
ഫീഡർ സർവീസിനായി പ്രത്യേക ഡിസൈനിലുള്ള അഞ്ച് ബസുകൾ കൊല്ലം ഡിപ്പോയിൽ എത്തിച്ചിട്ടുണ്ട്. ഈ അഞ്ച് ബസുകളും ഡിപ്പോ കേന്ദ്രീകരിച്ച് സർവീസ് നടത്താനുള്ള തീരുമാനത്തിലും മാറ്റത്തിന് സാദ്ധ്യതയുണ്ട്.
സർവീസ് ആരംഭിക്കുന്നത്: 15ന്
സ്റ്റേഷൻ പ്രവർത്തനം 24 മണിക്കൂർ
1. അയത്തിലിലെ ഫീഡർ സ്റ്റേഷൻ 24 മണിക്കൂറും പ്രവർത്തിക്കും
2. പൂർണസമയം ഒരു ജീവനക്കാരനുണ്ടാകും
3. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ പ്രത്യേക സൗകര്യം
4. രാത്രികാലങ്ങളിൽ പൊലീസ് പട്രോളിംഗ് ആവശ്യപ്പെടും
5. ഏജൻസികൾ മുഖേന ലഘുഭക്ഷണ പാഴ്സൽ ലഭ്യമാക്കും
6. ഫീഡർ സ്റ്റേഷനാക്കാൻ ഉപയോഗശൂന്യമായ രണ്ട് കെ.എസ്.ആർ.ആർ.ടി.സി ബസുകൾ സജ്ജമാക്കി
7. വൈദ്യുതീകരണം ഉടൻ ആരംഭിക്കും. വെളിച്ചത്തിന് പുറമേ ഫാനും ക്രമീകരിക്കും