pafivathil

കൊല്ലം: ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പൈപ്പ് ലൈൻസ് വിഭാഗത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നോൺ എക്സിക്യുട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ടെലികമ്മ്യുണിക്കേഷൻ ആൻഡ് ഇൻസ്ട്രമെന്റേഷൻ, ഓപ്പറേഷൻസ് വിഭാഗങ്ങളിൽ എൻജിനിയറിംഗ് അസിസ്റ്റന്റ്, ടെക്‌നിക്കൽ അറ്റൻഡന്റ് പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ടെക്നിക്കൽ അറ്റൻഡന്റിന് പത്താംക്ലാസും സർക്കാർ അംഗീകൃത ഐ.ടി.ഐ ട്രേഡ് സർട്ടിഫിക്കറ്റുമാണ് അടിസ്ഥാന യോഗ്യത. മറ്റുള്ളവയ്ക്ക് അതാത് വിഭാഗങ്ങളിൽ 55 ശതമാനം മാർക്കോടെ മൂന്ന് വർഷ എൻജിനിയറിംഗ് ഡിപ്ലോമ. പ്രായപരിധി: 18നും 26നും മദ്ധ്യേ. ശമ്പളം എൻജിനിയറിംഗ് അസിസ്റ്റന്റ്: 25,000- 1,05,000, ടെക്‌നിക്കൽ അറ്റൻഡന്റ്: 23,000- 78,000 രൂപ. മറ്റ് അനുകൂല്യങ്ങൾ പുറമെ ലഭിക്കും.

എസ്.സി, എസ്.ടി വിഭാഗങ്ങളൊഴികെയുള്ളവർ 100 രൂപ അപേക്ഷാഫീസ് പൈപ്പ്‌ലൈൻ റിക്രൂട്ട്മെന്റ് പോർട്ടലിൽ അടച്ച് ഓൺലൈനായി അപേക്ഷ നൽകണം. അപേക്ഷയിൽ നൽകുന്ന മൊബൈൽ നമ്പർ നമ്പർ, ഇമെയിൽ വിലാസം എന്നിവ അടുത്ത ഒരുവർഷത്തേക്ക് മാറ്റാൻ പാടില്ലെന്ന നിബന്ധനയുണ്ട്. കറുപ്പ് മഷിയിലുള്ള ഒപ്പ്, കളർ ഫോട്ടോ എന്നിവ നിശ്ചിത ഫോർമാറ്റിൽ അപേക്ഷയ്‌ക്കൊപ്പം അയയ്ക്കണം. ഓൺലൈൻ അപേക്ഷ നൽകിക്കഴിഞ്ഞാൽ അത് പ്രിന്റെടുത്ത് സൂക്ഷിക്കണം. മാർച്ച് 27ന് നടത്തുന്ന എഴുത്ത്, കായികക്ഷമത പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. പരീക്ഷയിൽ 40 ശതമാനം മാർക്ക് വാങ്ങണം. പരീക്ഷയ്ക്ക് ഹാജരാക്കുമ്പോൾ അപേക്ഷാ സമയത്ത് നൽകിയിട്ടുള്ള യോഗ്യത, വയസ്, ജാതി സർട്ടിഫിക്കറ്റുകളുടെ അസൽ കരുതണം. അപേക്ഷകൾ plapps.indianoil.in എന്ന പോർട്ടലിൽ 18ന് വൈകിട്ട് 6ന് മുമ്പ് നൽകണം.